പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവർ എന്ന് നടൻ ഇന്ദ്രൻസ്. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടൻ. ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചർച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.
‘സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകൾ പുരുഷന്മാരേക്കാൾ എത്രയോ മുകളിലാണ്. ഇത് തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നവർ മാത്രമേ പുരുഷന്മാരെപ്പോലെ തുല്യരാകാൻ ആവശ്യപ്പെടുകയുള്ളൂ. ഡബ്ല്യുസിസി ഇല്ലെങ്കിൽ പോലും നടി അക്രമിക്കപ്പെട്ട കേസിൽ നിയമനടപടികൾ അതിന്റെ വഴിക്ക് പോകുമായിരുന്നു. വാസ്തവത്തിൽ, ഈ സംഘടന ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആൾക്കാർ പിന്തുണയുമായി രംഗത്തെത്തുമായിരുന്നു.
‘സിനിമ എന്നത് സമൂഹത്തിന്റെ ഒരു ഭാഗം മാത്രമാണ്. സമൂഹത്തിൽ എന്ത് സംഭവിക്കുന്നുവോ അത് ഇവിടെയും സംഭവിക്കും. എല്ലാവരും സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനയ്‌ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. അവൾ എനിക്ക് മകളെ പോലെയാണ്. അവൾക്ക് സംഭവിച്ചത് കേട്ട് എനിക്ക് വളരെ വിഷമം തോന്നി. എന്നാൽ, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുക. ദിലീപ് കുറ്റക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇനി ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ എനിക്കത് വലിയ ഞെട്ടലുണ്ടാക്കും’ എന്ന് ഇന്ദ്രൻസ് പറഞ്ഞു.