തെൽഅവീവ്: ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. നെതന്യാഹു ഭരണകൂടം മുന്നോട്ടുവച്ച വിവാദ നിയമപരിഷ്‌ക്കരണ നയങ്ങൾക്കെതിരെയാണ് വൻപ്രതിഷേധം തുടരുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ സൈന്യം ആക്രമണം തുടരുന്നതിനിടെയാണ് ഇസ്രായേൽ തലസ്ഥാനത്തടക്കം ജനം തെരുവിലിറങ്ങിയിരിക്കുന്നത്.
രാജ്യത്തിന്റെ നിയമസംവിധാനത്തെ ഉടച്ചുവാർക്കുന്ന നിയമഭേദഗതികളാണ് നെതന്യാഹു ഭരണകൂടം അവതരിപ്പിച്ചിരിക്കുന്നത്. സുപ്രിംകോടതിയുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നിയമത്തിൽ നീതിന്യായ സംവിധാനത്തിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതടക്കമുള്ള നിർണായക തീരുമാനങ്ങളുണ്ട്.
നീലയും വെള്ളയും നിറത്തിലുള്ള ഇസ്രായേൽ പതാക പിടിച്ചാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. നെതന്യാഹു ഭരണകൂടം ലോക സമാധാനത്തിന് ഭീഷണി, നെതന്യാഹുവിൽനിന്ന് ഇസ്രായേൽ ജനാധിപത്യത്തെ സംരക്ഷിക്കണം തുടങ്ങിയ പ്ലക്കാർഡുകളുയർത്തിയാണ് ഒരു മാസത്തിലേറെയായി പ്രതിഷേധം നടക്കുന്നത്. മുൻ പ്രധാനമന്ത്രി യൈർ ലാപിഡ് അടക്കമുള്ള പ്രമുഖർ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ട്. ജനാധിപത്യമില്ലാത്ത ഇസ്രായേലിൽ കഴിയാൻ ആഗ്രഹമില്ലാത്തതിനാൽ രാജ്യത്തെ ഞങ്ങൾ തന്നെ രക്ഷിക്കുമെന്ന് ലാപിഡ് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് നെതന്യാഹു വീണ്ടും ഇസ്രായേൽ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. തീവ്രവലതുപക്ഷ, തീവ്ര യാഥാസ്ഥിതിക ജൂത പാർട്ടികളുമായി സഖ്യം ചേർന്നായിരുന്നു സർക്കാർ രൂപീകരണം. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സർക്കാരായാണ് പുതിയ ഭരണകൂടം വിലയിരുത്തപ്പെടുന്നത്.