ബജറ്റിൽ ഇന്ധന സെസ്, വിലക്കയറ്റം, ക്ഷേമ പെൻഷൻ വർധിപ്പിക്കാത്തത് തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിൽ പ്രതിഷേധം ഉയരുകയാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. ഇതിനെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ പങ്കുവച്ചത്.
‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു. സെസ് ഏര്‍പ്പെടുത്തരുത്’ എന്ന് എഴുതി വാതിലിൽ ഒട്ടിച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ. നിരവധിപ്പേരാണ് ഇത് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ ഈ ചിത്രം പങ്കിട്ട് ‘ആരാണ് ഇത് ചെയ്‌തത്?’ എന്ന് കുറിച്ചു. ‘സ്വാഭാവികം’, ‘ഇങ്ങനെ പൊയാൽ ശ്വസിക്കുന്ന വായുവിന് വരെ സെസ് വരും’, ‘ഇതിലും വലിയൊരു പ്രതിഷേധം സ്വപ്നങ്ങളിൽ മാത്രം’ എന്നെല്ലാമാണ് പോസ്റ്ററിനോടുള്ള പ്രതികരണം.
അതേസമയം ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് നടത്തുന്ന മാർച്ച് സംഘർഷത്തിൽ കലാശിക്കാനുള്ള സാധ്യതയുമുണ്ട്. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. അതേസമയം, കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് നാളെ സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു.