Thursday, October 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു; കത്തോലിക്കാ സഭ ഉത്തര മലബാർ മേഖലയിൽ പുതുചരിത്രം

വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു; കത്തോലിക്കാ സഭ ഉത്തര മലബാർ മേഖലയിൽ പുതുചരിത്രം

കണ്ണൂർ: കത്തോലിക്ക സഭയുടെ ഉത്തര മലബാർ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു. കണ്ണൂർ മേലെ ചൊവ്വ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മ സെബാസ്റ്റ്യന്റെ ഭൗതികശരീരമാണ് മൃത സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കണ്ണൂർ പയ്യാമ്പലം ശ്‌മശാനത്തിൽ ദഹിപ്പിച്ചത്.

മേലെ ചൊവ്വ കട്ടക്കയം സെബാസ്‌റ്റ്യൻ ചെറുപ്പം മുതൽ പുരോഗമന ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു. മരണത്തിലെങ്കിലും മനുഷ്യരെല്ലാവരും സമന്മാരായിരിക്കണം എന്ന് തനിക്കൊരു ആഗ്രഹമുണ്ടെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. അനേക ലക്ഷങ്ങൾ മുടക്കി കല്ലറകൾ പണിയുന്നതിനോട് യോജിപ്പില്ലെന്നും അതിനാലാണ് താൻ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് പകരം ചിതയിൽ ദഹിപ്പിക്കാം എന്ന് കത്തോലിക്ക സഭ നേരത്തെ തീരുമാനിച്ചിരുന്നു. എങ്കിലും ഇത് കാര്യമായി പ്രാബല്യത്തിൽ വന്നിരുന്നില്ല. കൊവിഡ് ബാധിച്ച് മരിച്ച സഭാ വിശ്വാസികളുടെ മൃതദേഹം മുൻപ് ചിതയിൽ ദഹിപ്പിച്ചിരുന്നു. തന്റെയും ഭാര്യയുടെയും മൃതദേഹം ദഹിപ്പിച്ചാൽ മതിയെന്ന് സെബാസ്‌റ്റ്യൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിൽ കത്തോലിക്കാ സഭയ്ക്കും അനുകൂല നിലപാടായിരുന്നു. ലൈസാമ്മ മരിച്ചതോടെ സെബാസ്റ്റ്യൻ ഈ ആവശ്യവുമായി ഇടവകയെയും അതിരൂപതയെയും സമീപിച്ചു. സെബാസ്റ്റ്യൻറെ തീരുമാനത്തിന് പൂർണ പിന്തുണ നൽകി സഭ ഒപ്പം നിന്നു.

ലൈസാമ്മയുടെ മൃത സംസ്കാര ശുശ്രൂഷകൾ ഇടവക വികാരി ഫാദർ തോമസ് കൊളങ്ങയിലിന്റെ നേതൃത്വത്തിലായിരുന്നു. ഇദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം പയ്യാമ്പലത്ത് എത്തി. പിന്നീട് പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. മാനന്തവാടി പുതിയാപറമ്പിൽ കുടുംബാംഗമാണ് ലൈസമ്മ. ലൈസാമ്മയ്ക്കും സെബാസ്റ്റ്യനും മൂന്ന് മക്കളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments