തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവ് ഇറക്കിയത് സഭയോടുള്ള അനാദരവ് ആണെന്നും സഭയോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. നികുതി ഭാരത്തില്‍ ജനം വേദനിച്ചിരിക്കുമ്പോഴാണ് വെള്ളക്കരം കൂട്ടി ഉത്തരവിറക്കിയത്. വല്ലാത്ത ധൈര്യമാണിതെന്നും വാക്ക്ഔട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കുടിശ്ശിക പിരിവില്‍ അതോറിറ്റി പരാജയപ്പെട്ടതിന്റെ ഭാരം ജനങ്ങളുടെ തലയില്‍ ഇടുകയാണ്. വാട്ടര്‍ അതോറിറ്റി യാതൊരു പ്രൊഫഷണലിസവും ഇല്ലാത്ത സ്ഥാപനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരേയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. തങ്ങള്‍ക്ക് പരിചയമുള്ള റോഷി അഗസ്റ്റിന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല. അപ്പുറത്ത് എത്തിയപ്പോള്‍ അല്ലെങ്കില്‍ മന്ത്രി ആയപ്പോള്‍ ഉള്ള മാറ്റമാകാം ഇപ്പോള്‍ കാണുന്നത് എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചത്. വെള്ളക്കരം വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു ഫോണ്‍ കോള്‍ പോലും വന്നിട്ടില്ല. ഒരു കുപ്പി വെള്ളം 20 രൂപയ്ക് വാങ്ങുന്നവര്‍ക്ക് ലിറ്ററിന് ഒരു പൈസ അധികാരം നല്‍കാമെന്നും മന്ത്രി പറഞ്ഞിരുന്നു.
വെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ വാട്ടര്‍ അതോറിറ്റി നേരിടുന്നത് 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടിയില്‍ ആവശ്യപ്പെട്ടു.
നികുതിക്കൊള്ളയില്‍ ജനങ്ങള്‍ വീണു കിടക്കുമ്പോഴാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നതെന്ന് എം വിന്‍സന്റ് വിമര്‍ശിച്ചു. ആരാച്ചാര്‍ക്കുള്ള ദയ പോലും സര്‍ക്കാരിന് ഇല്ല. മരണക്കിടക്കയില്‍ കിടക്കുന്നവര്‍ വെള്ളം ചോദിച്ചാല്‍ അതിനും കത്ത് നല്‍കേണ്ടി വരുമോ എന്നും മന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പ്രതികരണത്തിന് മറുപടിയായി എം വിന്‍സന്റ് ചോദിച്ചു.