ബഹ്‌റൈനിൽ ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി മാർച്ച് നാല് വരെയാണെന്ന് എൽ.എം.ആർ.എ. അതിന് ശേഷം അനധികൃത തൊഴിലിൽ ഏർപ്പെട്ടാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. -ഫ്ലെക്സി പെർമിറ്റുകൾ ഒഴിവാക്കിക്കൊണ്ടുള്ള തൊഴിൽ മേഖലയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തൊഴിലാളികളുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബഹ്റൈനിലെ വിദേശ തൊഴിലാളികൾക്കിടയിൽ LMRA പുതിയ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ആരംഭിച്ചത്. വർക്ക് പെർമിറ്റുകളെ കൃത്യമായ തൊഴിൽ മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ട് സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് എൽ.എം.ആർ.എ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധന നടത്തി നിരവധി അനധികൃത തൊഴിലാളികളെ കണ്ടെത്തുകയും ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ്. അനധികൃത തൊഴിലാളികളെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. പുതിയ അറിയിപ്പ് പ്രകാരം വരുന്ന മാർച്ച് 4 മുതൽ തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കാലാവധി കഴിഞ്ഞതും അസാധുവായതുമായ വർക് പെർമിറ്റുള്ളവർക്കും ഫ്ലെക്സി പെർമിറ്റുള്ളവർക്കും ലേബർ രജിസ്ട്രേഷൻ പദ്ധതി വഴി രജിസ്റ്റർ ചെയ്യാ0. എന്നാൽ, നിയമലംഘകർ, കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളവർ തുടങ്ങി പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചവർക്ക് ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനും സാധിക്കില്ല.
അംഗീകൃത രജിസ്ട്രേഷൻ സെന്ററുകൾ, എൽ.എം.ആർ.എ വെബ്സൈറ്റായ lmra.bh എന്നിവ കൂടാതെ തൊഴിലാളിയുടെ തിരിച്ചറിയൽ നമ്പറായ 33150150 എന്നതിലേക്ക് എസ്.എം.എസ് ചെയ്തും **17103103 എന്ന എൽ.എം.ആർ.എ കോൾസെന്ററർ നമ്പറിൽ ബന്ധപ്പെട്ടും തൊഴിലാളികൾക്ക് ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരുന്നതിന് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കാം.