മധുര: തമിഴ്നാട്ടില്‍ ഐസ്ക്രീമിനുള്ളില്‍ ചത്ത തവളയെ കണ്ടെത്തി. തിരുപ്പറങ്കുൺരം അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ നിന്ന് ജിഗര്‍തണ്ട ഐസ്ക്രീം കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്.
മധുര ടി.വി.എസ് നഗറിന് സമീപം മണിമേഗല സ്ട്രീറ്റിലെ അന്‍ബു സെല്‍വവും കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. രാവിലെ 11 മണിയോടെ ക്ഷേത്രത്തിന് സമീപത്തെ ലഘുഭക്ഷണ കടയിൽ നിന്ന് കുട്ടികൾക്ക് ഐസ് ക്രീം വാങ്ങി നൽകുകയായിരുന്നു. കുട്ടികൾ ഐസ്ക്രീം കഴിക്കാൻ തുടങ്ങിയപ്പോൾ അതിൽ ചത്ത തവളയെ കണ്ടെത്തി. ഇത് കണ്ട അൻബു സെൽവത്തിന്റെ മകൾ ഇക്കാര്യം പിതാവിനോട് പറഞ്ഞു.തുടര്‍ന്ന് ഐസ്ക്രീം കഴിച്ച കുട്ടികളെ സമീപത്തെ തിരുപ്പറങ്കുൺറം സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
തൈപ്പൂയ ഉത്സവത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് തിരുപ്പറങ്കുൺറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ എത്താറുള്ളത്. ഈ തിരക്ക് മുതലെടുത്താണ് എതിർവശത്തുള്ള ലഘുഭക്ഷണ കടയിൽ വൃത്തിഹീനമായ ഭക്ഷണം വില്‍ക്കുന്നത്. ഐസ് ക്രീം കടയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.