ഡല്‍ഹി: ക്രിസ്ത്യൻ പുരോഹിതർക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ ആറ് സംസ്ഥാനങ്ങളോട് സുപ്രിംകോടതി റിപ്പോർട്ട് തേടി. ബിഹാർ, ഛത്തിസ്‌ഗഢ്, ജാർഖണ്ഡ്, ഒഡീഷ, കർണാടക,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് റിപ്പോർട്ട് തേടിയത്. എഫ്.ഐ.ആർ, അറസ്റ്റ് വിവരം, കുറ്റപത്രം, അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് എന്നിവ ചീഫ് സെക്രട്ടറിമാർ മൂന്നാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണം. ബാംഗ്ലൂർ ആർച്ച് ബിഷപ് ഡോ.പീറ്റർ മച്ചാഡോ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. ഹരജി വീണ്ടും മാർച്ച് 13ന് പരിഗണിക്കും.
ബിഹാർ, ഹരിയാന, ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങള്‍ അതിക്രമങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ പരിശോധനാ റിപ്പോർട്ട് ശേഖരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രിംകോടതി നേരത്തെ നിർദേശിച്ചിരുന്നു.ഹരിയാന വിശദാംശങ്ങൾ നൽകിയെങ്കിലും മറ്റ് സംസ്ഥാനങ്ങൾ റിപ്പോര്‍ട്ട് നൽകിയിട്ടില്ലെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചത്.
ഉത്തര്‍പ്രദേശ് ഇതിനകം തന്നെ റിപ്പോര്‍ട്ട് നൽകിയിട്ടുണ്ടെന്ന് സംസ്ഥാന അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് പറഞ്ഞു. എന്നാല്‍ 2022 സെപ്തംബർ ഒന്നിലെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നൽകേണ്ട എല്ലാ വിവരങ്ങളുടെയും പുതിയ പകർപ്പ് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വെച്ചുള്ള തീവ്രവലതുപക്ഷ വിഭാഗങ്ങളുടെ ആക്രമണങ്ങള്‍ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കുമെതിരെ ആയിരുന്നു ഹരജി. സ്വന്തം പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഭരണകൂട സംവിധാനം പരാജയപ്പെടുന്നതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ക്രിസ്ത്യൻ സമൂഹത്തിനും ആരാധനാലയങ്ങൾക്കും എതിരായ ആക്രമണങ്ങളില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നതില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകര്‍ പരാജയമാണെന്നും ഹരജിക്കാര്‍ വാദിച്ചു.