സിനിമാപ്രേമികൾ നെഞ്ചേറ്റിയ ‘സ്ഫടിക’ത്തിൻറെ 4k ഡോൾബി അറ്റ് മോസ് പതിപ്പ് നാളെ മുതൽ തിയറ്ററുകളിൽ. മോഹൻലാൽ ആടുതോമയായും തിലകൻ ചാക്കോ മാഷായും തകർത്തഭിനയിച്ച ‘സ്ഫടികം’ 28 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിൽ എത്തുന്നത്.
പുതിയ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം എത്തുന്നതെന്ന് ഉറപ്പുനൽകുന്നതായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലർ. സ്ഫടികത്തിൽ അഭിനയിച്ച് പിൽക്കാലത്ത് മൺമറഞ്ഞ മഹാപ്രതിഭകളുടെ ഓർമ്മകളുമായി കൊച്ചിയിൽ നടന്ന ‘ഓർമ്മകളിൽ സ്ഫടികം’ പരിപാടിയുടെ വേദിയിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നത്.
ഫെബ്രുവരി 9ന് 4k ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രവ്യ ചാരുതയോടെയാണ് ‘സ്ഫടികം’ കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമെത്തുന്നത്. പുലർച്ചെ മുതൽ ഓരോ ജില്ലയിലും പ്രത്യേക ഫാൻസ് ഷോകളും നടക്കുന്നുണ്ട്.
സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നൈ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം കെ.എസ് ചിത്രയും മോഹൻലാലും ചേർന്ന് വീണ്ടും ആലപിച്ചിട്ടുമുണ്ട്.