ന്യൂഡൽഹി: 2011 മുതലുള്ള കാലയളവിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേർ. 2022-ൽ മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. ഇതാകട്ടെ 2011 മുതലുള്ള കാലത്തെ ഏറ്റവും ഉയർന്ന കണക്കാണ്. 2020-ലാണ് ഏറ്റവും കുറഞ്ഞ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 85,256 പേരാണ് 2020-ൽ പൗരത്വം വേണ്ടെന്നുവെച്ചത്. കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണിവ. വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് കണക്ക് വ്യക്തമാക്കിയത്.
2015-ൽ 1,31,489 പേരും 2016-ൽ 1,41,603 പേരും, 2017-ൽ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു. 1,34,561 പേരാണ് 2018-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2019-ൽ ഇത് 1,44,017 ആയി ഉയർന്നു. തൊട്ടടുത്ത കൊല്ലം ഇത് 85,256 ആയി കുറഞ്ഞിരുന്നു. എന്നാൽ 2021-ൽ ഇത് വീണ്ടുമുയർന്ന് 1,63,440 ആയി. 2011 മുതൽ ഇതുവരെ ഇന്ത്യൻ പൗരത്വം വേണ്ടെന്നുവെച്ചത് 16, 63,440 പേരാണ്.
കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഞ്ച് ഇന്ത്യക്കാർ യുഎഇ പൗരത്വം കരസ്ഥമാക്കിയതായി പ്രത്യേക ചോദ്യത്തിനു മറുപടിയായി ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ളവർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും അദ്ദേഹം നൽകി.
കഴിഞ്ഞ കുറച്ചുമാസങ്ങളിലായി യുഎസ് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ട ഇന്ത്യാക്കാരുടെ വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കുന്നതായി മറ്റൊരു ചോദ്യത്തിനു മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. എച്ച്-1ബി, എൽ1 വിസകളുള്ള ഇന്ത്യാക്കാരാണ് ഇക്കൂട്ടത്തിൽ ഒരുവിഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരുൾപ്പെടെ മികച്ച പ്രവർത്തന നൈപുണ്യമുള്ള ഇന്ത്യാക്കാരുടെ യുഎസ് കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ യുഎസ് അധികൃതരുമായി കേന്ദ്രസർക്കാർ നിരന്തരം ചർച്ച ചെയ്യാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.