ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഭ്യന്തര വിമാനസർവീസുകളിൽ 2,613 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്രമന്ത്രി വി.കെ. സിംഗ്. വ്യാഴാഴ്ച ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ സംഭവങ്ങൾ അവയുടെ തീവ്രതയെ അടിസ്ഥാനമാക്കി ഡിജിസിഎയുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട എയർലൈനുകളോ അല്ലെങ്കിൽ 2017 ലെ എയർക്രാഫ്റ്റ് റൂൾ 13(1) പ്രകാരം ഡിജിസിഎയോ അന്വേഷിക്കുന്നുണ്ടെന്നും വി.കെ. സിംഗ് സഭയെ അറിയിച്ചു.
ഈ കാലയളവിൽ ഇൻഡിഗോ 885 തകരാറുൾ റിപ്പോർട്ട് ചെയ്തു, സ്പൈസ് ജെറ്റ് (691), വിസ്താര (444), എയർ ഇന്ത്യ (399), എയർ ഏഷ്യ (ഇന്ത്യ) ലിമിറ്റഡ് (79), ഗോ എയർ (54), ട്രൂജെറ്റ് (30), അലയൻസ് എയർ (13) , ബ്ലൂ ഡാർട്ട് ഏവിയേഷൻ (7), ആകാശ എയർ (6), ഫ്ലൈ ബിഗ് (5) എന്നീ കന്പനികളുമാണ് തകരാറുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഴയ വിമാനങ്ങൾ ഉപയോഗിച്ചതാണോ സാങ്കേതിക തകരാർ ഉണ്ടാകാനുള്ള പ്രധാന കാരണം എന്ന ചോദ്യത്തിനു മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.