മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു. ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. 2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോൾ ഹിൽ കലാപത്തെത്തുടർന്ന് ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തിരുന്നു.
ട്രംപിന്റെ സസ്‌പെൻഷൻ പിൻവലിക്കുമെന്നും മുൻ പ്രസിഡന്റ് വീണ്ടും ഉള്ളടക്ക നയങ്ങൾ ലംഘിച്ചാൽ വീണ്ടും രണ്ടു വർഷത്തേക്ക് വിലക്കുമെന്നും ഉയർന്ന പിഴ ചുമത്തുമെന്നും ജനുവരിയിൽ മെറ്റ അറിയിച്ചിരുന്നു. ജനുവരി വരെ അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ 23 മില്യണും ഫേസ്ബുക്കിൽ 34 മില്യണും ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയാനായി യുഎസ് ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറി ആക്രമണം നടത്തിയിരുന്നു. ഇതിന് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നതായിരുന്നു ആരോപണം.