പത്തനംതിട്ട : ജനവാസ മേഖലയായ ഇഞ്ചപ്പാറയ്ക്ക് സമീപം വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അനുമതി നൽകി. അഞ്ച് വർഷത്തേക്ക് 11.5 ഏക്കർ റവന്യൂ പുറമ്പോക്കാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനായി പഞ്ചായത്ത് മാറ്റിവച്ചത്. പാറമടകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറെ നാളായി നേരിടുന്ന പ്രദേശമാണ് കലഞ്ഞൂർ. പാറമടകൾക്കെതിരെ നാട്ടുകാർ സമരം ചെയ്തതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പിന് ഗ്രാമപഞ്ചായത്തിന്റെ ഖനനാനുമതി.
സർക്കാർ പദ്ധതി എന്ന നിലയിൽ, മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി നിരാക്ഷേപ പത്രം നൽകാൻ 2018 ജൂലൈ 5ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. നിരാക്ഷേപ പത്രം കിട്ടിയതോടെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, കലഞ്ഞൂർ പഞ്ചായത്തിൽ അപേക്ഷ നൽകി. ഇത് തള്ളിയതോടെ ഹൈക്കേടതിയെ സമീപിച്ചു. തുടർന്ന് കഴിഞ്ഞ ജനുവരി 7നാണ് പഞ്ചായത്ത് ലൈസൻസ് നൽകിയത്. അനുമതിയുടെ രേഖകൾ പുറത്തായതോടെ സ്ഥലത്ത് പ്രതിഷേധം ഉയരുകയാണ്. പഞ്ചായത്തംഗങ്ങളോട് ആലോചിക്കാതെയാണ് അനുമതി നൽകിയതെന്ന് ആരോപണവുമുണ്ട്. പാറപൊട്ടിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് ജനകീയ സമിതി.