തിരുവനന്തപുരം: ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ ബീഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ നല്‍കിയ ഹര്‍ജിയിലുള്ള സുപ്രീം കോടതിയുടെ ഇടപെടല്‍ പ്രത്യാശ നല്‍കുന്നു. ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വെച്ചുള്ള മതതീവ്രവാദ വിഭാഗങ്ങളുടെ ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും അവസാനിപ്പിക്കുവാനും അതിന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കുവാനും ആവശ്യമായ നടപടികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി സ്വീകരിക്കണം. വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുതയും ക്രൈസ്തവ സമൂഹത്തിലെ ചില വ്യക്തികളോടുള്ള ശത്രുതയും വരെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങളും വ്യാജ പരാതികളും കേസുകളും ആക്കി മാറ്റുന്ന പ്രവണത നിലവിലുണ്ട്.
ഛത്തീസ്ഗഢില്‍ ഉണ്ടായ അതിക്രമങ്ങള്‍ക്കും മധ്യപ്രദേശിലെ ചപ്പാറ മിഷന്‍ സെന്ററിന്റെ ചുമതല വഹിക്കുന്ന സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവകയിലെ വൈദീകനായ റവ. എസ്. എം. പ്രസാദ് ദാസിനെതിരെ ഉണ്ടായ ആക്രമണവും അറസ്റ്റും ഈ പരമ്പരയില്‍ സമീപകാലത്തുണ്ടായവയാണ്. ദുരുപയോഗം ചെയ്യപ്പെടാവുന്ന രീതിയില്‍ ഉള്ള സെക്ഷനുകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമത്തില്‍ ഉണ്ടാകുന്നത് ആശങ്ക ഉളവാക്കുന്നു. മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനും വിശ്വാസ സമൂഹത്തെ സംരക്ഷിക്കുവാനും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഇതു സംബന്ധിച്ച ആശങ്കകള്‍ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെ നേരില്‍ കണ്ട് ധരിപ്പിച്ചിട്ടുണ്ട് എന്ന് കെ. സി. സി. ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അറിയിച്ചു.