മുറിയില്‍ നിന്നും ഗര്‍ഭപരിശോധന കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് കൊടുംക്രൂരത നടന്നത്. മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രണ്ട് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് ഉപേക്ഷിക്കുകയും ചെയ്തു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ ദേഹത്ത് ബാറ്ററി ആസിഡ് ഒഴിക്കുകയായിരുന്നു എന്നാണ് വിശദീകരണം. നരേഷിന്റെ രണ്ട് സഹോദരങ്ങളായ ഗുലാബ്, രമേഷ് എന്നിവരാണ് മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചത്. സംഭവത്തില്‍ നാല് പേരെയും അറസ്റ്റ് ചെയ്തു.
ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച്ച നരേഷ് മകളെ കാണാനില്ലെന്ന് പരാതി നല്‍കി. ചൊവ്വാഴ്ച ഗ്രാമത്തിന് പുറത്തുള്ള കനാലില്‍ നിന്ന് വികൃതമാക്കിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. ഫെബ്രുവരി 3 ന് നരേഷും ഭാര്യ ശോഭ ദേവിയും മകളെ വീട്ടില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.
മകള്‍ പല ആണ്‍കുട്ടികളോടും മൊബൈലില്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് നരേഷ് പോലീസിനോട് പറഞ്ഞു. ഗര്‍ഭപരിശോധന കിറ്റുകളും മകളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിരുന്നു. അതിനാല്‍ മകള്‍ക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് നരേഷ് സംശയിച്ചിരുന്നതായും അതില്‍ ദേഷ്യപ്പെടുകയും ചെയ്തു. ഈ വാക്കുതർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.