പി. പി. ചെറിയാൻ
ന്യൂയോർക്ക് : 2018-ൽ മിനസോട്ടയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട, കോൺഗ്രസിലെ ആദ്യ എൽജിബിടി അംഗമായ ആൻജി ക്രെയ്ഗ്, (ഡമോക്രറ്റിക്) വ്യാഴാഴ്ച രാവിലെ വാഷിങ്ടൻ ഡിസിയിലെ അപ്പാർട്ട്മെന്റിന്റെ എലിവേറ്ററിൽ വച്ച് ആക്രമിക്കപ്പെട്ടതായി അവരുടെ ഓഫിസ് അറിയിച്ചു. സ്വയം പ്രതിരോധിക്കുന്നതിനിടയിൽ ആൻജിക്കു നിസ്സാരമായി പരുക്കേൽക്കുകയും ചെയ്തു, എന്നാൽ പരുക്ക് ഗുരുതരമല്ലെന്ന് ചീഫ് ഓഫ് സ്റ്റാഫ് നിക്ക് കോ പറഞ്ഞു. തുടർന്ന് അക്രമി ഓടിപ്പോയെന്നും ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവില്ലെന്നും കോ പറഞ്ഞു.
ക്രെയ്ഗ് തന്റെ കെട്ടിടത്തിന്റെ ലോബിയിൽ വച്ചാണ് അക്രമിയെ ആദ്യം കണ്ടത്. തുടർന്ന് അയാൾ ക്രെയ്ഗിനൊപ്പം ലിഫ്റ്റിൽ പ്രവേശിച്ച് പുഷ്അപ്പ് ചെയ്യാൻ തുടങ്ങി. പിന്നീട് ഇയാൾ ക്രെയ്ഗിന്റെ താടിയിൽ ഇടിക്കുകയും കഴുത്തിൽ പിടിക്കുകയും ചെയ്തു. പൊലീസ് വരുന്നതിനു മുൻപ് ഇയാൾ രക്ഷപ്പെട്ടു.
ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് യുഎസ് ക്യാപിറ്റോൾ പൊലീസ് പറഞ്ഞു.