വാഷിങ്ടൻ : ഇന്ത്യക്കാരായ ടെക്കികൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ വീസ നിയമങ്ങൾ പരിഷ്കരിക്കാൻ യുഎസ് ഒരുങ്ങുന്നു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾക്കുള്ള എച്ച്1ബി, എൽ1 വീസകളിലാണ് മാറ്റമെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. വീസ റീസ്റ്റാംപിങ്ങുമായി ബന്ധപ്പെട്ടാണു പ്രധാനമായും മാറ്റം വരിക.
2004 വരെ എച്ച്1ബി ഉൾപ്പെടെയുള്ള വീസക്കാർക്ക് യുഎസിൽത്തന്നെ റീസ്റ്റാംപിങ്ങിന് (പുതുക്കൽ) അവസരമുണ്ടായിരുന്നു. എന്നാൽ, അതിനുശേഷം നിയന്ത്രണം വന്നു. വിദേശ ടെക് ജോലിക്കാർ യുഎസിനു പുറത്തുപോയി അവരവരുടെ മാതൃരാജ്യങ്ങളിൽ എത്തി വീസ പുതുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ. ഇതു കമ്പനികൾക്കും ജോലിക്കാർക്കും ജീവനക്കാരുടെ ആശ്രിതർക്കും ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
പരീക്ഷണാർഥം ഇളവ് അനുവദിക്കാനാണു യുഎസ് ആലോചിക്കുന്നത്. വീസ കാലാവധി കഴിയുമ്പോൾ സ്വദേശത്തേക്കു പോയി യുഎസ് കോൺസുലേറ്റിൽനിന്ന് റീസ്റ്റാംപ് ചെയ്യുകയാണ് ഏവരും ചെയ്യുന്നത്. ചില സമയങ്ങളിൽ വീസ പുതുക്കിക്കിട്ടാൻ 2 വർഷത്തിലേറെ കാത്തിരിക്കേണ്ടി വരാറുണ്ട്. ഈ കാലതാമസം ജോലിക്കാരെയും കമ്പനികളെയും സാരമായി ബാധിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ പരീക്ഷണം ആരംഭിക്കും.
വരുംവർഷങ്ങളിൽ പൂർണതോതിൽ നടപ്പാകുന്നതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരായ ടെക്കികൾക്ക് ആശ്വാസമാകുമെന്നാണു നിഗമനം. എത്ര വീസക്കാർക്ക് തുടക്കത്തിൽ സൗകര്യം ലഭ്യമാകുമെന്നു പറയാനാകില്ലെന്നും ഒന്നുരണ്ടു വർഷത്തിനകം എണ്ണം കൂട്ടുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പിടിഐയോടു പറഞ്ഞു. എല്ലാവർഷവും ആകെ 65,000 പുതിയ എച്ച്1ബി വീസകളാണു യുഎസ് അനുവദിക്കുന്നത്.