ജനപ്രിയ ചൈനീസ് ആപ്പായ ടിക്ടോക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്. ടിക്ടോക് നേരത്തേ തന്നെ ഇന്ത്യയിൽ വിലക്കിയ ആപ്ലിക്കേഷനാണ്. ടിക്ടോക്കിന്റെ ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും (ഏകദേശം 40 ജീവനക്കാരെ) പിരിച്ചുവിട്ടതായും ഫെബ്രുവരി 28 അവസാന പ്രവൃത്തി ദിവസമായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ദ ഇക്കണോമിക് ടൈംസിലെ റിപ്പോർട്ട് അനുസരിച്ച് ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ 2020 ജൂണിൽ ഇന്ത്യയിൽ നിരോധിച്ച ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള ടിക്ടോക് തങ്ങളുടെ ജീവനക്കാർക്ക് ഒൻപത് മാസത്തെ പിരിച്ചുവിടൽ പാക്കേജ് നല്‍കുമെന്ന് അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂണിലാണ് കേന്ദ്ര സർക്കാർ ടിക്‌ടോക്കും മറ്റ് 59 ചൈനീസ് ആപ്പുകളും നിരോധിച്ചത്.
അതിനുശേഷം വിചാറ്റ്, ഷെയറിട്ട്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസർ തുടങ്ങി 300-ലധികം ചൈനീസ് ആപ്പുകൾ രാജ്യം നിരോധിച്ചു. 138 വാതുവെപ്പ് ആപ്പുകളും ഏകദേശം 94 ലോൺ ആപ്പുകളും ഉൾപ്പെടെ 230-ലധികം ആപ്പുകൾ കേന്ദ്രം കഴിഞ്ഞ ആഴ്ചയും ബ്ലോക്ക് ചെയ്തിരുന്നു.
തേർഡ് പാർട്ടി ലിങ്ക് വഴി പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകൾ നിരോധിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) അടുത്തിടെ എംഎച്ച്എ നിർദ്ദേശം നൽകിയിരുന്നു. ഈ ആപ്പുകളെല്ലാം ഐടി ആക്ടിലെ സെക്ഷൻ 69 ലംഘിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി കണക്കാക്കുന്ന ഉള്ളടക്കങ്ങൾ അടങ്ങിയതാണെന്നും കണ്ടെത്തി.
അതേസമയം, യുഎസ് സെനറ്റർ മൈക്കൽ ബെന്നറ്റ് ആപ്പിൾ സിഇഒ ടിം കുക്കിനോടും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയോടും അവരുടെ ആപ് സ്റ്റോറുകളിൽ നിന്ന് ടിക്ടോക് ഉടൻ നീക്കം ചെയ്യണമെന്ന് അഭ്യർഥിച്ചു. ഇത് അമേരിക്കൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. ടിക്ടോക് രാജ്യവ്യാപകമായി നിരോധിക്കാനാണ് യുഎസ് പദ്ധതിയിടുന്നത്.