തിരുവനന്തപുരം: ഇന്ധന സെസ് അടക്കം ജനങ്ങളുടെമേൽ കെട്ടിവച്ച സംസ്ഥാന സർക്കാരിന്റെ നികുതിക്കൊള്ളയ്ക്കെതിരേ 13നും 14നും യുഡിഎഫ് രാപകൽ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചുമാണ് രാപകൽ സമരം സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.
13ന് വൈകുന്നേരം നാലു മുതൽ 14ന് രാവിലെ പത്തുമണിവരെയാണ് സമരം. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കോഴിക്കോട് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും മലപ്പുറത്ത് പി.കെ. കുഞ്ഞാലികുട്ടിയും തൃശൂരിൽ രമേശ് ചെന്നിത്തലയും തൊടുപുഴയിൽ പി.ജെ. ജോസഫും കൊല്ലത്ത് എ.എ. അസീസും പത്തനംതിട്ടയിൽ അനൂപ് ജേക്കബും ആലപ്പുഴയിൽ മോൻസ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും എറണാകുളത്ത് സി.പി. ജോണും പാലക്കാട് വി.കെ. ശ്രീകണ്ഠനും കാസർഗോഡ് കാഞ്ഞങ്ങാട് രാജ്മോഹൻ ഉണ്ണിത്താനും ഉദ്ഘാടനം നിർവഹിക്കും.
വയനാട് ജില്ലയിൽ 13ന് രാഹുൽ ഗാന്ധിയുടെ സന്ദർശനംമുള്ളതിനാൽ രാപകൽ സമരം മറ്റൊരു ദിവസവും മുസ്ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലേത് 16,17 തീയതികളിലുമായിരിക്കും നടക്കുക.