കോട്ടയം: ജില്ലയിൽ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പോര് വീണ്ടും ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ് കളക്‌ടറേറ്റ് മാര്‍ച്ചിൽ പങ്കെടുക്കാനിരുന്ന പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പിന്തിരിപ്പിച്ചു എന്നതാണ് പുതിയ തര്‍ക്കത്തിന് കാരണം.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടക്കുമ്പോള്‍ വൈക്കം തലയാഴത്ത് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു ഡിസിസി പ്രസിഡന്‍റ്. ഇവിടേക്ക് പോകും വഴി കടുത്തുരുത്തിയില്‍ നിന്ന് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തയാറെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രസിഡന്‍റ് ഒപ്പം കൂട്ടിയെന്നാണ് പരാതി. കിടങ്ങൂരില്‍ നിന്നുളള പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
യുഡിഎഫ് സമരത്തിനായി ജില്ലയിൽ എത്തുന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരാതി നൽകാനാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
കോട്ടയത്ത് ഏറെ കാലമായി കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പോര് നിലനിൽക്കുന്നുണ്ട്. ഈരാറ്റുപേട്ടയിൽ ശശി തരൂരിന് യൂത്ത് കോൺഗ്രസ് വേദിയൊരുക്കിയതോടെയാണ് പോര് പരസ്യമായത്. കെപിസിസി ഇടപ്പെട്ടാണ് ഈ തർക്കം പരിഹരിച്ചത്.