പി. പി.ചെറിയാൻ
ഫിലഡൽഫിയ : ഫിലഡൽഫിയാ സിറ്റി ഇടക്കാല കൺട്രോളറായി ഇന്ത്യൻ അമേരിക്കൻ ചാൾസ് ഇടച്ചേരിൽ ചുമതലയേറ്റു. ഫെബ്രുവരി 7 നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മേയ് മാസം നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ സിറ്റി കൺട്രോളർ സ്ഥാനത്തേക്കു മത്സരിക്കുന്നതിന് നിലവിലുള്ള കൺട്രോളർ സ്ഥാനം ഒഴിഞ്ഞതിനാലാണ് ചാൾസിനെ മേയർ ജിം കെന്ന് നോമിനേറ്റ് ചെയ്തത്.
നാലു മാസത്തിനുള്ളിൽ സിറ്റിയുടെ മൂന്നാമത്തെ കൺട്രോളറായി നിയമിക്കപ്പെട്ട ചാൾസ് ഇടച്ചേരിൽ കേരളത്തിൽ നിന്നും രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പാണ് അമേരിക്കയിലേക്ക് കുടിയേറിയത്. സിറ്റിയുടെ ഇടക്കാല കൺട്രോളറായി നിയമിക്കപ്പെടുന്ന ആദ്യ മലയാളിയും ഇന്ത്യൻ വംശജനുമാണ് ചാൾസ് ഇടച്ചേരിൽ.
സിറ്റിയുടെ നിയമമനുസരിച്ച് പുതിയ സ്ഥാനങ്ങളിലേക്കു മത്സരിക്കണമെങ്കിൽ നിലവിലുള്ള സ്ഥാനം രാജിവയ്ക്കണം. ഡമോക്രാറ്റിക് പാർട്ടിയാണ് സിറ്റിയുടെ ഭരണം കയ്യാളുന്നത്.കൺട്രോളർ ആയി നിയമിക്കപ്പെടുമ്പോൾ ഭാരിച്ച ഉത്തരവാദിത്തമാണ് ഏറ്റെടുക്കേണ്ടതെന്നും സ്കൂൾ ഡിസ്ട്രിക്റ്റ്, സിറ്റി എന്നിവയുടെ ചീഫ് ഓഡിറ്റർ കൂടിയാണ് സിറ്റി കൺട്രോളർ.