തിരുവനന്തപുരം: പി.കെ. ശശിക്കെതിരെ വീണ്ടും പാർട്ടി അന്വേഷണം. പാർട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയാണ് അന്വേഷിക്കുക. അന്വേഷണത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമതലപ്പെടുത്തി. മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിൽ പോയി അന്വേഷണം നടത്താനാണ് ചുമതലപ്പെടുത്തിയത്. ശനിയാഴ്ച ചേർന്ന സിപിഎം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ശശിക്കെതിരെ തീരുമാനമെടുത്തത്.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പാർട്ടിക്ക് മുന്നിലെ പ്രധാന പരാതി. ആദ്യം പരാതി ഒതുക്കി വച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് നേതൃത്വം ഇടപെടുകയായിരുന്നു. പി.കെ. ശശിക്കെതിരെ പാർട്ടിക്ക് മുന്നിലേക്ക് പരാതി പ്രവാഹമാണ് ഉണ്ടായത്. മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതിയും നേതൃത്വത്തിന് മുന്നിലെത്തി.
സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5,കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെയായിരുന്ന ധനസമാഹകരണം. പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണവുണ്ട്. ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയിൽ തിരുകി കയറ്റിയെന്നും പരാതിയെത്തി. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. മൻസൂർ ആണ് സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് രേഖാമൂലം ശശിയുടെ തെറ്റുകൾ പാട്ടിക്ക് മുന്നിലെത്തിച്ചത്.