യുഎസിലെ അര്‍കാന്‍സസില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ കാണാനില്ല. കോണ്‍വേയില്‍ നിന്നുള്ള തന്‍വി മരുപ്പള്ളി എന്ന പതിനാലുകാരിയെയാണ് കഴിഞ്ഞ മൂന്നാഴ്ചയായി കാണാതായിരിക്കുന്നത്. ടെക് മേഖലയില്‍ തുടരുന്ന കൂട്ടപിരിച്ചുവിടലില്‍ അച്ഛന്‍റെ ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമോ എന്ന ഭയത്തില്‍ പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതാകാം എന്നാണ് സൂചന. ബസില്‍ സ്കൂളിലേക്ക് പോയ തന്‍വിയെ ജനുവരി 17നാണ് അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു.
വര്‍ഷങ്ങളായി അമേരിക്കയില്‍ നിയപരമായി താമസിക്കുന്ന കുടുംബമാണ് തന്‍വിയുടെത്. എന്നാല്‍ ഇപ്പോള്‍
യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തിന് പുതിയ കുടിയേറ്റ നിയമങ്ങള്‍ തടസം സൃഷ്ടിക്കുന്നുവെന്ന് തന്‍വിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ടെക് കമ്പനി ജീവനക്കാരനായ തന്‍വിയുടെ അച്ഛന്‍ പവന്‍ റോയിയുടെ ജോലി കൂട്ടപിരിച്ചുവിടലില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അമ്മ ശ്രീദേവി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങിയതിനു ശേഷം വീണ്ടും ആശ്രിത വീസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്.
അച്ഛന്‍റെ ജോബ് വിസ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന് തന്‍വി പവനോട് ചോദിച്ചിരുന്നു. അങ്ങനെ ഉണ്ടായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുമെന്ന് മകളോട് പറഞ്ഞിരുന്നതായി അച്ഛന്‍ പവന്‍ പറഞ്ഞു. ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് അറിഞ്ഞത് തന്‍വിക്ക് വലിയ ഞെട്ടലായിരുന്നു. ഞാന്‍ ഇവിടെ അല്ലേ ഉള്ളത്. എന്തിനാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് അവള്‍ ചോദിച്ചിരുന്നു. ഇത്തരം ആശങ്കകള്‍ മൂലമാകാം തന്‍വി വീട് വിട്ടിറങ്ങിയതെന്ന് കോണ്‍വേ പൊലീസ് കരുതുന്നു. തന്‍വിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കുടുംബം 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാഴ്തചയായി കാണാതായ മകളെ കണ്ടെത്താന്‍ പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ് ഈ ഇന്ത്യന്‍ വംശജര്‍.