ദുബായ് : യുഎഇയിലേക്ക് എടുത്ത വീസ ഉപയോഗിച്ചില്ലെങ്കിൽ ഇനി മുതൽ സ്വയം റദ്ദാകില്ല. വീസ റദ്ദാക്കാൻ നിശ്ചിത ഫീസ് നൽകി അപേക്ഷിക്കണം. അല്ലെങ്കിൽ വീസയുടെ കാലാവധി നീട്ടാൻ അപേക്ഷിക്കാം. ഒരിക്കൽ അനുവദിച്ച വീസ ഉപയോഗിക്കാതിരുന്നാൽ പിന്നീട്, മറ്റു വീസയ്ക്ക് അപേക്ഷിക്കുമ്പോൾ അനുമതി ലഭിക്കില്ലെന്നും ട്രാവൽ ഏജൻസികൾക്കു ലഭിച്ച പുതിയ അറിയിപ്പിൽ പറയുന്നു.
ഒരു മാസത്തെ സന്ദർശക വീസ ലഭിച്ചയാൾ 30 ദിവസത്തിനിടെ രാജ്യത്ത് എത്തിയില്ലെങ്കിൽ ഇമിഗ്രേഷൻ സൈറ്റിൽ പോയി വീസ റദ്ദാക്കണം. ഇതിനു ഫീസുണ്ട്. ട്രാവൽ ഏജൻസികൾ വഴിയാണെങ്കിൽ അവരുടെ ഫീസും കൂടി ചേർത്തുള്ള തുകം നൽകണം. അല്ലെങ്കിൽ 200 ദിർഹം മുടക്കി വീസയുടെ കാലാവധി അടുത്ത 30 ദിവസത്തേക്കു നീട്ടണം. ഉപയോഗിക്കാത്ത വീസ മുൻപ് കാലാവധി കഴിയുമ്പോൾ ഇമിഗ്രേഷന്റെ കംപ്യൂട്ടർ സംവിധാനത്തിൽ നിന്നു തനിയെ റദ്ദാകുമായിരുന്നു.
ഇപ്പോൾ ആ സൗകര്യം പൂർണമായും എടുത്തു കളഞ്ഞു. ഉപയോഗിക്കാത്ത സന്ദർശക വീസ റദ്ദാക്കിയാൽ മാത്രമേ പുതിയ സന്ദർശക വീസ ലഭിക്കു എന്ന രീതിയിലേക്കു ഇമിഗ്രേഷന്റെ പോർട്ടൽ സംവിധാനം പൂർണമായും മാറി. വീസ റദ്ദാക്കാത്തവരുടെ അപേക്ഷകൾ ഇമിഗ്രേഷന്റെ വെബ്സൈറ്റ് സ്വയം നിരസിക്കും. റദ്ദാക്കാൻ 300 ദിർഹം വരെ ചെലവു പ്രതീക്ഷിക്കുന്നു. ഇത് ട്രാവൽ ഏജൻസികളുടെ ഫീസിനെ ആശ്രയിച്ചിരിക്കും.
വീസ കാലാവധിയിൽ രാജ്യത്തു പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ 90 ദിവസത്തേക്കു വരെ വീസാ കാലാവധി നീട്ടാൻ അപേക്ഷിക്കാം. ഇതിന് 200 ദിർഹമാണ് ഫീസ്. പരമാവധി 60 ദിവസം വരെ നീട്ടുന്നതാണ് ഉചിതമെന്നും ഏജൻസികൾ പറഞ്ഞു. എന്നിട്ടും ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ വീസ റദ്ദാക്കണം. ഇന്ത്യയിൽ ട്രാവൽ ഏജൻസികൾ നടത്തിയ ബുക്കിങ്ങിൽ പലരുടെയും വീസ നിരാകരിക്കപ്പെട്ടു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അപേക്ഷകരുടെ പേരിൽ റദ്ദാക്കാത്ത വീസയുണ്ടെന്നു മനസ്സിലായത്. ഇന്ത്യയിൽ നിന്ന് വീസ നിരസിക്കപ്പെട്ടയാൾക്ക് പഴയ വീസ റദ്ദാക്കാൻ 3,600 രൂപ ചെലവായെന്നും ഏജൻസികൾ അറിയിച്ചു.