ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്ത് സർവ്വനാശമാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ത്രിപുരയിൽ കോൺഗ്രസ് അതിക്രമം സിപിഐഎം നേരിടേണ്ടി വന്നിട്ടുണ്ട്. സിപിഐഎമ്മിനെ ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ അവിടുത്തെ പാർട്ടി അത് അതിജീവിക്കുകയാണ് ചെയ്തത്. പിന്നീട് ബിജെപി അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. രാജ്യത്തെ ഇത്തരം സാഹചര്യങ്ങളെ സംസ്ഥാനതലത്തിൽ നേരിടാനാണ് ശ്രമിക്കുന്നത്.
കേരളം എന്താണെന്നും, കർണാടകയിലെ സ്ഥിതി എന്താണെന്നും എല്ലാവർക്കും നല്ലപോലെ അറിയാമെന്ന് അമിത് ഷായ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എല്ലാവർക്കും സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണുള്ളത്. അതാണോ കർണാടകയിൽ ഉള്ള സ്ഥിതിയെന്ന് ചിന്തിച്ചാൽ മനസിലാകും. കേരളത്തെ മാതൃകയാക്കണം എന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെങ്കിൽ ശരി. പക്ഷേ അങ്ങനെയല്ല അമിത് ഷാ പറഞ്ഞത്.
ശ്രീരാമസേനയെ കുറിച്ച് നമ്മൾ കേട്ടത് കർണാടകത്തിലാണ്. മംഗലാപുരം അടക്കമുള്ള പ്രദേശങ്ങളിൽ ഇവർ വലിയ ആക്രമണമാണ് നടത്തിയത്. ക്രിസ്ത്യൻ പള്ളികളിൽ വലിയ തോതിലുള്ള ആക്രമണം സംഘപരിവാർ നടത്തി. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുന്ന രാഷ്ട്രമായി ഇന്ത്യ മാറി. ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസി ആയി കോൺഗ്രസ് മാറി. ബിജെപിയിലേക്ക് ആളെ കൊടുക്കുന്നത് തടുത്തുനിൽക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.
ബിജെപി യുടെ സാമ്പത്തിക നയങ്ങളെ എതിർക്കാൻ കോൺഗ്രസ് തയ്യാറാകാത്തതാണ് പ്രശ്നം. കേരളത്തെ എങ്ങനെയെല്ലാം ഇകഴ്ത്താനാകും എന്നാണ് കോൺഗ്രസ് നോക്കുന്നത്. നാടിന് പുരോഗതി ഉണ്ടാക്കുന്ന എല്ലാ പദ്ധതികളെയും കോൺഗ്രസ് എതിർക്കുകയാണ്. ബിജെപിയും കോൺഗ്രസും കേരളത്തിനെതിരെ പാർലമെന്റിൽ സംസാരിക്കുകയാണ്. ഇക്കാര്യത്തിൽ രണ്ടു കൂട്ടർക്കും ഒരേ നിലപാടാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.