വാഷിങ്ടണ്‍: കാനഡ അതിർത്തിയിൽ വീണ്ടും അജ്ഞാത വസ്തുവിനെ വെടിവെച്ചിട്ട് അമേരിക്ക. ഹുറോൺ തടാകത്തിന് മുകളിൽ കണ്ട അജ്ഞാത വസ്തുവിനെയാണ് വെടിവെച്ചിട്ടത്. ഒരാഴ്ചക്കിടെ അമേരിക്ക വെടിവെച്ചിടുന്ന നാലാമത്തെ അജ്ഞാത വസ്തുവാണിത്.
ചൈനീസ് ചാര ബലൂൺ തകർത്തത് ഉള്‍പ്പെടെ ഒരാഴ്ചക്കിടെ നാലാമത്തെ സംഭവമാണിത്. കാനഡ അതിർത്തിയിൽ എഫ് -16 യുദ്ധവിമാനം ഉപയോഗിച്ച് അജ്ഞാത വസ്തുവിനെ വെടിവെച്ചിടാന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശിക്കുകയായിരുന്നു. ഏകദേശം 20,000 അടി ഉയരത്തിൽ കാണപ്പെട്ട വസ്തു സൈനിക ഭീഷണി അല്ലെന്നും അതേസമയം വ്യോമഗതാഗതത്തിന് ഭീഷണി ആവാനിടയുണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിനായുള്ള ചാര ഉപകരണമാണോ ഈ അജ്ഞാതവസ്തുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മിഷിഗൺ തടാകത്തിന് മുകളിലൂടെയുള്ള വ്യോമമേഖല താത്കാലികമായി അടച്ചിട്ടുണ്ട്.
ഫെബ്രുവരി നാലിനാണ് ചൈനീസ് ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടത്. ഇത് ചാരവൃത്തിക്കുള്ളതാണെന്ന് അമേരിക്ക ആരോപിച്ചപ്പോള്‍ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്ന് ചൈന അവകാശപ്പെട്ടു. രണ്ടാമതായി കാനഡയിലെ യൂക്കോണ്‍ പ്രദേശത്തും മൂന്നാം തവണ അലാസ്കയിലുമാണ് അജ്ഞാതവസ്തുവിനെ വെടിവെച്ചിട്ടത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും ഉത്തരവനുസരിച്ച് അമേരിക്കയുടെ എഫ്-22 ജെറ്റാണ് യൂക്കോണ്‍ പ്രദേശത്തെ അജ്ഞാത വസ്തുവിനെ തകര്‍ത്തത്.