ന്യൂഡൽഹി: ദുരന്ത ഭൂമിയിലേക്ക് സഹായങ്ങൾ നൽകിയതിന് ഇന്ത്യയോട് നന്ദി അറിയിച്ച് തുർക്കി അംബാസഡർ ഫിറാറ്റ് സുനാൽ. ഇന്ത്യൻ ജനതയുടെ വിലമതിക്കാനാകാത്ത സ്നേഹത്തിന് സമൂഹമാദ്ധ്യമത്തിലൂടെയാണ് തുർക്കി അംബാസഡർ നന്ദി പറഞ്ഞത്. ഭൂകമ്പത്തെ അതിജീവിച്ചവർക്ക് ദുരിതാശ്വാസ സാമഗ്രികൾ നൽകിയതിന് നന്ദിയെന്ന് ട്വിറ്ററിലൂടെ സുനാൽ അറിയിച്ചു.
“നന്ദി ഇന്ത്യ! ഭൂകമ്പത്തെ അതിജീവിച്ച ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഓരോ കൂടാരവും ഓരോ പുതപ്പും സ്ലീപ്പിംഗ് ബാഗും നൽകിയതിന്.”- സുനാൽ ട്വീറ്റ് ചെയ്തു.
“ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള മറ്റൊരു ബാച്ച് അടിയന്തിര സാമഗ്രികൾ തുർക്കിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും സൗജന്യമായി ഭൂകമ്പബാധിത പ്രദേശത്തേക്ക് സഹായങ്ങൾ വസുധൈവകുടുംബകം എത്തിക്കുന്നു.”- സുനാൽ ട്വീറ്റിലൂടെ അറിയിച്ചു.
23 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായി ഓപ്പറേഷൻ ദോസ്തിന്റെ ഏഴാമത്തെ വിമാനം ഞായറാഴ്ച സിറിയയിലെത്തിയിരുന്നു. തുർക്കിയിലെ വിവിധ ഭാഗങ്ങളിൽ കരസേനയുടെ സ്‌പെഷ്യൽ ഫോഴ്‌സ് വിഭാഗങ്ങളുടെ മെഡിക്കൽ സംഘങ്ങൾ വൈദ്യസഹായം നൽകുന്നുണ്ട്.
ഭൂകമ്പത്തിലെ മരണസംഖ്യ 35,000 കടന്നു. പരിക്കേറ്റവരുടെ എണ്ണം 80,000 കടന്നു. 45 രാജ്യങ്ങളിൽ നിന്നുളള രക്ഷാപ്രവർത്തകരുടെ ദൗത്യസംഘങ്ങളാണ് ദുരന്തഭൂമിയിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്.