കൊച്ചി : നടിയെ ആക്രമിച്ച കേസിലെ സാക്ഷി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതി ദിലീപ്. വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നും കോടതിയിൽ സമർപ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതും ആയി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടത്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണ് പൊലീസും അതിജീവിതയും , പ്രോസിക്യൂഷനും നടന്നുന്നതെന്നും ദിലീപ് ആരോപിക്കുന്നു. ദിലീപിൻ്റെ വാദങ്ങൾ വെള്ളിയാഴ്ച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.