ഡല്‍ഹി: ബിബിസിക്കെതിരെ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ്. ഇന്ത്യയുടെ വളർച്ച തടയാൻ ചിലർ വ്യാജമായ ആഖ്യാനങ്ങൾ നടത്തുന്നു. അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എല്ലാം അനുവദിക്കാനാകില്ലെന്നും ബിബിസിയുടെ പേരെടുത്ത് പറയാതെ ഉപരാഷ്ട്രപതി വിമർശിച്ചു.
ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ പ്രൊബേഷണർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ആഗോള തലത്തിലെ ഇന്ത്യയുടെ ഉയർച്ച തകർക്കാൻ മെനഞ്ഞെടുക്കുന്ന വ്യാജ ആഖ്യാനങ്ങളെ കുറിച്ച് ജാഗരൂകരായിരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി- “നമ്മുടെ ഭാരതം മുമ്പെങ്ങുമില്ലാത്തവിധം കുതിച്ചുയരുന്ന സമയത്താണ് നിങ്ങൾ സര്‍വീസില്‍ ചേരുന്നത്. നമ്മുടെ ഉയർച്ച തടയാനാവില്ല. അവസരങ്ങളുടെയും നിക്ഷേപത്തിന്‍റെയും ഭൂമിയായി ഇന്ത്യ തിരിച്ചറിയപ്പെടുന്നു. പക്ഷേ നമ്മുടെ വിവര സംവിധാനം ശക്തമല്ലെങ്കിൽ ഇതെല്ലാം താറുമാറാകാം. ജനം ജാഗരൂകരല്ലെങ്കിൽ പലതും വെള്ളപൂശപ്പെടുകയും അഴുക്കുചാലിലേക്ക് പോവുകയും ചെയ്യും”- ജഗ്ദീപ് ധൻഘഡ് പറഞ്ഞു.
ആരും നിയമത്തിന് അതീതരല്ലെന്ന് ബിബിസിയിലെ റെയ്ഡിനെ കുറിച്ച് വാർത്താവിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി. ആദായ നികുതി വകുപ്പ് ഇത്തരം സർവേകൾ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.
ബിബിസി അഴിമതി കോര്‍പ്പറേഷനാണെന്നും ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയെന്നും ബി.ജെ.പി വക്താവ് ഗൌരവ് ഭാട്ടിയ പറഞ്ഞു- “ബിബിസി ബുർഹാൻ വാനിയെന്ന ഭീകരനെ ഊര്‍ജ്വസ്വലനായ യുവ വിപ്ലവകാരിയെന്നും ഹോളിയെ വൃത്തികെട്ട ഉത്സവമെന്നും വിശേഷിപ്പിച്ചു. ഇത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ്? ഞങ്ങളുടെ ആഘോഷങ്ങളെ കുറിച്ച് നിങ്ങൾക്ക് (ബിബിസി) എന്തറിയാം? ബിബിസി ഇന്ത്യയിൽ പ്രവർത്തിക്കുന്നു. എന്നിട്ട് നമ്മുടെ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. 1946ൽ ഇന്ത്യയെ മോചിപ്പിക്കുന്നതിൽ മഹാത്മാഗാന്ധി പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ഞങ്ങളുടെ നേതാക്കളെ അപമാനിച്ചു. ബിബിസി ഇന്ത്യവിരുദ്ധ പ്രചരണം നടത്തുന്നു. എല്ലാവര്‍ക്കും ഇവിടെ പ്രവര്‍ത്തിക്കാം. പക്ഷെ വിഷം ചീറ്റരുത്”