ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിവന്ന പരിശോധന അവസാനിച്ചു. മൂന്നാം ദിവസമാണ് പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി 60 മണിക്കൂറോളം പരിശോധന നടന്നു. പരിശോധനയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നാളെ നാളെ വിശദീകരണം നൽകുമെന്നാണ് സൂചന. (bbc income tax raid)
അക്കൗണ്ട്സ് വിഭാഗത്തിലെ കമ്പ്യൂട്ടറുടെ ഡിജിറ്റൽ പകർപ്പടക്കം ആദായനികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ജീവക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ബിബിസി ഓഫീസിലേക്കുള്ള ഹിന്ദു സേനയുടെ പ്രതിഷേധത്തെ തുടർന്ന് സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. ബിബിസിക്കെതിരെ പ്രതിഷേധവുമായി ഡൽഹി ഓഫീസിലേക്ക് ഹിന്ദു സേന പ്രവർത്തകർ എത്തിയതിന് പിന്നാലെയാണ് ഓഫീസിന് സുരക്ഷ വർധിപ്പിച്ചത്. ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ ജവാൻമാരെയാണ് സുരക്ഷക്കായി നിയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
‘ബിബിസി ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഹിന്ദു സേന പ്രവർത്തകർ ബിബിസി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഓഫീസിനു മുന്നിൽ പ്രതിഷേധ പോസ്റ്ററുകളും ഇവർ പതിപ്പിച്ചു. പൊലീസ് എത്തിയാണ് പോസ്റ്ററുകൾ മാറ്റിയത്. ബിബിസി ഓഫീസുകളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ തുടർന്നാണ് സുരക്ഷാ ക്രമീകരണങ്ങളിൽ വർധനവുണ്ടായത്.
നികുതിവെട്ടിപ്പ് സംബന്ധിച്ച അന്വേഷണം നടത്തുന്നതിനാണ് ബിബിസി ഓഫീസിൽ പരിശോധന നടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. എന്നാൽ മോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനെ തുടർന്നാണ് ചാനലിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നടപടി എന്ന വിമർശനവും വ്യാപകമായി ഉയരുന്നുണ്ട്.