കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണ കാലത്തിന്റെ പ്രതിനിധിയായിരുന്ന ഒളിംപ്യൻ തുളസിദാസ് ബലറാം അന്തരിച്ചു. 87 വയസായിരുന്നു. ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ സംഘത്തിലെ അംഗമാണ്.
പി.കെ ബാനർജിക്കും ചുനി ഗോസ്വാമിക്കുമൊപ്പം ‘വിശുദ്ധ ത്രിമൂർത്തി’യായി അറിയപ്പെട്ടിരുന്നയാളാണ് തുളസിദാസ്. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. ഏറെനാളായി വിവിധ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസമാണ് ആരോഗ്യസ്ഥിതി മോശമായി അപ്പോളോയിൽ പ്രവേശിപ്പിക്കുന്നത്.
ഇന്ത്യൻ ഫുട്‌ബോളിന്റെ വസന്തകാലമായി അറിയപ്പെടുന്ന 1950കളിലും 60കളിലും ടീമിന്റെ നെടുംതൂണായിരുന്നു തുളസീദാസ്. 1956ലും 1960ലും നടന്ന ഒളിംപിക്‌സുകളിൽ ഇന്ത്യൻ കുപ്പായത്തിൽ കളിച്ചു. ഇതിഹാസ പരിശീലകനായ സയ്യിദ് അബ്ദുൽ റഹീമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഫുട്‌ബോൾ വൻ കുതിപ്പ് കണ്ട കാലത്ത് അദ്ദേഹത്തിനു കീഴിൽ തിളങ്ങിയ താരമായിരുന്നു.
അബ്ദുൽ റഹീമിനു കീഴിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ സ്വന്തമാക്കിയപ്പോഴും ടീമിൽ തുളസിദാസ് ഉണ്ടായിരുന്നു. 1962ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ കായിക മാമാങ്കത്തിന്റെ ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അന്ന് ഇന്ത്യ തോൽപിച്ചത്. റോം ഒളിംപിക്‌സിൽ ഹംഗറിക്കെതിരെയും പെറുവിനെതിരെയും തുളസിദാസ് ഇരട്ട ഗോളുമായി ഏറെ ശ്രദ്ധ നേടി.
എന്നാൽ, ചെറിയ പ്രായത്തിൽ തന്നെ വേദനയോടെ കളം വിടാനും അദ്ദേഹം നിർബന്ധിതനായി. ശ്വാസകോശരോഗമാണ് തിരിച്ചടിയായത്. ചെറിയ പ്രായത്തിൽ തന്നെ ദേശീയ കുപ്പായത്തിൽ എട്ടു വർഷത്തോളം കളിച്ച തുളസിദാസിന് അപ്രതീക്ഷിതമായ അസുഖത്തെ തുടർന്ന് 27-ാം വയസിൽ തന്നെ കളി നിർത്തേണ്ടിവന്നു.
ഇന്നത്തെ തെലങ്കാനയിലെ സെക്കന്ദറാബാദിലുള്ള അമ്മുഗുഡയിൽ 1936 ഒക്ടോബർ നാലിനാണ് തുളസിദാസ് ബലരാമൻ എന്ന ബലറാമിന്റെ ജനനം. തമിഴ് ദമ്പതികളായ മുത്തമ്മ, തുളസിദാസ് കാളിദാസ് എന്നിവരാണ് മാതാപിതാക്കൾ.