അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള പ്രചാരണത്തിന് തുടക്കമിട്ട് നിക്കി ഹേലി. മല്‍സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച ഡോണള്‍ഡ് ട്രംപിന് നിക്കിയുടെ വരവ് വെല്ലുവിളിയായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ മല്‍സരിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണ് നിക്കി.
പുതിയ തലമുറ എന്ന് സ്വയം വിശേഷിപ്പിച്ചാണ് 51കാരിയായ നിക്കി ഹേലി സ്ഥാനാര്‍തിത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ട്രംപിനെ നേരിടുന്നത്. മല്‍സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സൗത്ത് കാരോലൈനയില്‍ പ്രചാരണത്തിന് തുടക്കമിട്ടു. 2010 ല്‍ സൗത്ത് കാരോലൈനയില്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുമ്പോള്‍, ആ സ്ഥാനത്തെത്തുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായിരുന്നു നിക്കി. 2016 തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനൊപ്പം ഉറച്ചുനിന്നയാളാണ് നിക്കി ഹേലി. ട്രംപ് പ്രസിഡന്‍റായ ശേഷമാണ് യുഎന്നിലെ യുഎസ് അംബാസഡറായി നിക്കിയെ നിയമിക്കുകയും ചെയ്തു. ഇസ്രയേല്‍ –പലസ്തീന്‍ വിഷയത്തിലടക്കം ട്രംപിന്‍റെ നിലപാടുകള്‍ യുഎന്നില്‍ ശക്തമായി അവതരിപ്പിച്ചിരുന്ന നിക്കി പിന്നീട് ട്രംപുമായി തെറ്റി. ക്യാപിറ്റോള്‍ ആക്രമണത്തിലടക്കം ട്രംപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഫ്ലോറിഡ ഗവര്‍ണറായ റോണ്‍ ഡി സാന്‍റോസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ മോഹമുള്ളയാളാണ്. പാര്‍ട്ടിയില്‍ നിലവില്‍ മുന്‍തൂക്കം ട്രംപിനാണെങ്കിലും വരാനിരിക്കുന്ന ഒരുവര്‍ഷം നിര്‍ണായകമാണ്.
മല്‍സരിച്ച തിരഞ്ഞെടുപ്പുകളെല്ലാം ജയിച്ചു കയറിയ ചരിത്രമുള്ള നിക്കിയെ നിസാരമായി കാണാനാകില്ല. കരിയര്‍ പൊളിറ്റീഷന്‍ എന്ന് വിശേഷിപ്പിച്ച് നിക്കിക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ കളം പിടിക്കാമെന്ന് കരുതുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആദ്യം പാര്‍ട്ടിക്കുള്ളിലെ പട തീര്‍പ്പാക്കേണ്ടി വരും