സൗദിയുടെ തലസ്ഥാന നഗരമായ റിയാദിന്റെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ വരുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനാണ് പ്രഖ്യാപനം നടത്തിയത്. ന്യൂ മുറബ്ബ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി ലോകത്തെ ഏറ്റവും വലിയ ഡൗണ്‍ടൗണ്‍ ആയിരിക്കുമെന്നാണ് പ്രഖ്യാപനം. വിഷന്‍ 2030ന്റെ ഭാഗമായാണ് തലസ്ഥാനത്തെ ലോകേത്തര നഗരമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.
ഇതിനായി ന്യൂ മുറബ്ബ ഡവലപ്‌മെന്റ് കമ്പനിയും രൂപീകരിച്ചു. ഭാവിയിലെ നഗരം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കുന്നതിന് ഹരിതവത്ക്കരണം, നടപ്പാതകള്‍, വിനോദ, കായിക കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ജനങ്ങളുടെ ജീവിത നിലവാരവും ക്ഷേമവും ഉറപ്പുവരുത്തുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുളളത്.
മള്‍ട്ടി പര്‍പസ് തീയറ്റര്‍, ലൈവ് പ്രകടനങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും പ്രത്യേക ഇടങ്ങള്‍, മ്യൂസിയം എന്നിവയും ന്യൂ മുറബ്ബയില്‍ ഉള്‍പ്പെടും. കിസംഗ് സല്‍മാന്‍ റോഡ്, കിംഗ് ഖാലിദ് റോഡ് എന്നിവ സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ 19 ചതുരക്ര കിലോ മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ പദ്ധതി രൂപകല്പന ചെയ്തിട്ടുളളത്.
ഒരു ലക്ഷത്തിലധികം ഭവനങ്ങളും 9000 ഹോട്ടല്‍ മുറികളും പദ്ധതി പ്രദേശത്ത് ലഭ്യമാക്കും. 9.8 ലക്ഷം ചതുരക്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപാര കേന്ദ്രം, 14 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഓഫീസ് സമുച്ചയങ്ങള്‍, 18 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കമ്യൂണിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവ ഉണ്ടാകും. സുഗമമായ യാത്ര സൗകര്യമാണ് ഇവിടെ ഒരുക്കുക.
ന്യൂ മുറബ്ബയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് 20 മിനിട്ട് യാത്രാ ദൈര്‍ഘ്യം മാത്രമാകും ഉണ്ടാവുക. മുറബ്ബ എന്നാല്‍ ചതുരം എന്നാണ് അര്‍ഥം. ഇതിനെ അന്വര്‍ത്ഥമാക്കുന്ന വിധം 1200 ചതുരശ്ര മീറ്റര്‍ ചുറ്റളവുളള ക്യൂബ് ഐകണ്‍ ഇവിടുത്തെ സുപ്രധാന അടയാളമായി സ്ഥാപിക്കും. 2030ല്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.