പി.പി.ചെറിയാൻ
ബഫല്ലോ : സംഘടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബഫല്ലോ പ്ലാന്റിൽ ജോലിചെയ്യുന്ന തൊഴിലാളികളെ ടെസ്‌ല പുറത്താക്കി. മെച്ചപ്പെട്ട വേതനത്തിനും, തൊഴിൽ സാഹചര്യങ്ങൾക്കുവേണ്ടി സംഘടിച്ചവർക്ക് പിന്തുണ പ്രഖ്യാപിച്ച തൊഴിലാളികളെയും നിയമവിരുദ്ധമായി പിരിച്ചുവിട്ടുവെന്ന് യൂണിയൻ നാഷനൽ ലേബർ റിലേഷൻസ് ബോർഡിനെ അറിയിച്ചു.
18 ജീവനക്കാരെയെങ്കിലും ടെസ്‌ല പിരിച്ചുവിട്ടു എന്ന് തൊഴിലാളികൾ നാഷനൽ ലേബർ റിലേഷൻസ് ബോർഡിന് സമർപ്പിച്ച പരാതിയിൽ പറയുന്നു. ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവായ ഇലോൺ മസ്‌ക് യൂണിയനുകളോട് കടുത്ത എതിർപ്പു പ്രകടിപ്പിക്കുന്നയാളാണ്. എന്നാൽ ഈ വിഷയത്തിൽ ടെസ്‌ല അധികൃതർ പ്രതികരിച്ചിട്ടില്ല.
തൊഴിലാളികൾ അവരുടെ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ക്യാംപയ്നിൽ ഏർപ്പെട്ടിരിക്കുന്ന വർക്കേഴ്‌സ് യുണൈറ്റഡിന്റെ ഓർഗനൈസർ ജാസ് ബ്രിസാക്ക് ചൊവ്വാഴ്ച പറഞ്ഞു,
പല തൊഴിലാളികളും തങ്ങളുടെ കംപ്യൂട്ടറുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പരാതിപ്പെട്ടിട്ടുണ്ടുണ്ട്. പരസ്യമായി സംസാരിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കണം. യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ കമ്പനി തൊഴിലാളികളെ പുറത്താക്കുന്നത് നിയമവിരുദ്ധമാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.
ടെസ്‌ലയുടെ ബഫലോ ഫാക്ടറി സോളാർ പാനലുകളും ഉപകരണങ്ങളും ചാർജുചെയ്യുന്നതിനുള്ള ഘടകങ്ങള്‍ നിർമിക്കുന്നു. ഡ്രൈവർ-അസിസ്റ്റൻസ് സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാൻ സഹായിക്കുന്ന 800 ഓളം തൊഴിലാളികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.