കോട്ടയത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ മോഹൻകുമാറിനെ സംഘടനാ ചുമതലകളിൽ നിന്നും പുറത്താക്കി. പൊതു സമൂഹത്തിൽ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നടപടി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ മോഹൻകുമാർ വ്യാജ പരാതി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിനെ മനു കുമാറിൻ്റെ നേതൃത്വത്തിൽ മർദിച്ചിരുന്നു.
മർദന വിവരം പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഈ സംഭവത്തിൻ്റെ പശ്ചാതലത്തിലാണ് അച്ചടക്ക നടപടിയെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം സംസ്ഥാന കമ്മിറ്റി നിയോഗിച്ച സംസ്ഥാന സെക്രട്ടറിമാരായ ആർ എസ് അബിൻ, അൻസാരി അടിമാലി എന്നീ രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ ആണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. ഡിസിസി ഓഫീസിൽ വച്ച് മനുകുമാറിന് വെട്ടേറ്റു എന്ന് മാധ്യമങ്ങളിൽ വ്യാജവാർത്ത വന്നിരുന്നു. ഡിസിസി ഓഫീസ് പരിസരത്തെ സിസിടിവി അടക്കം പരിശോധിച്ചതിൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് കമ്മീഷൻ കണ്ടെത്തി.
തൃക്കോടിത്താനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കമ്മീഷന് പരാതി നൽകി. നിരന്തരമായി വ്യാജവാർത്തകൾ നിർമ്മിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു എന്നായിരുന്നു പരാതി. വാർത്തകളിൽ നിറയാൻ വേണ്ടി മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പേരും അനാവശ്യമായി വലിച്ചിഴച്ചിരുന്നു.
സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും കമ്മിഷൻ കണ്ടെത്തി. പരാതികളിൽകഴമ്പുണ്ട് എന്ന് കണ്ടതിനെ തുടർന്ന് മനുവിനെ 2 മാസമായി പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിറുത്തിയിരിക്കുകയായിരുന്നുകമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആണ് മനുകുമാറിനെ പുറത്താക്കിയത്