മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പാര്‍ട്ടി പേരും അനുവദിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിമയാണെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ പ്രതികരണം. ഒരിക്കലും ഇത് പോലെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കമ്മീഷന്റെ തീരുമാനം ജനാധിപത്യത്തിന് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഞെട്ടിച്ചുവെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തുന്നതിന് മുന്നെ തന്നെ ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായിരിക്കും വിധിയെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. ബിജെപി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം അടുത്ത തെരഞ്ഞെടുപ്പിന് ക്ഷമയോടെ തയ്യാറെടുക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. ഇത് മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ പക്ഷത്തിന് തിരിച്ചടിയായി. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നമായ ‘അമ്പും വില്ലും’ ഷിന്‍ഡെ വിഭാഗത്തിന് ഉപയോഗിക്കാം.
ചിഹ്നത്തിലും പേരിലും ഇരുപക്ഷവും അവകാശ വാദം ഉന്നയിച്ചിരുന്നു. ഷിന്‍ഡെ പക്ഷം സ്വമേധയാ പാര്‍ട്ടി വിട്ടതാണെന്നും പാര്‍ട്ടി ചിഹ്നത്തില്‍ അവര്‍ക്ക് അവകാശമില്ലെന്നും ഉദ്ദവ് പക്ഷവും വാദിച്ചിരുന്നു. ഇരുവിഭാഗവും അവകാശ വാദം ഉന്നയിച്ചതിനെ തുടര്‍ന്ന് പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് അനുവദിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് വിശേഷിപ്പിച്ച ഉദ്ദവ് താക്കറെ, കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. ‘എംഎല്‍എമാരുടെയും എംപിമാരുടെയും എണ്ണത്തെ അടിസ്ഥാനമാക്കി പാര്‍ട്ടിയുടെ നിലനില്‍പ്പ് തീരുമാനിക്കുകയാണെങ്കില്‍, ഏത് മുതലാളിക്കും എംഎല്‍എയും എംപിയെയും വാങ്ങി മുഖ്യമന്ത്രിയാക്കാം’, ഉദ്ദവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഉത്തരവിനെതിരെ ഞങ്ങള്‍ തീര്‍ച്ചയായും സുപ്രീം കോടതിയില്‍ പോകുമെന്നും സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും താക്കറെ പറഞ്ഞു.