പി. പി. ചെറിയാൻ
ഹൂസ്റ്റൺ : തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച വ്യക്തി പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മിൽഫോയിൽ ലെയ്‌നിനടുത്തുള്ള അഗരിറ്റ ലെയ്‌നിലെ 13300 ബ്ലോക്കിൽ ശനിയാഴ്ച രാവിലെ 9.10നാണ് സംഭവം നടന്നതെന്ന് ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വീട്ടിൽ അമ്മയും അച്ഛനും തമ്മിൽ ബഹളം നടക്കുന്നുവെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു സംഭവസ്ഥലത്തു ഇല്ലാതിരുന്ന ഒരു മകളാണ് ഉദ്യോഗസ്ഥരെ വിളിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ, സംശയാസ്പദമായ ആളുമായി സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി ഒരു കത്തി പുറത്തെടുത്ത് രണ്ടു ഉദ്യോഗസ്ഥരെയും കുത്തുകയായിരുന്നു. തുടർന്ന് പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പുരുഷൻ സംഭവസ്ഥലത്തു തന്നെ മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതി ആരാണെന്നോ വീട്ടിലെ മറ്റുള്ളവരുമായുള്ള ബന്ധമോ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. പ്രതിക്ക് മുൻപ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് എച്ച്പിഡി ചീഫ് ട്രോയ് ഫിന്നർ പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഡിവിഷനിൽ മൂന്നു വർഷത്തെ സർവീസുള്ള വിമുക്തഭടനായ ഒരു ഉദ്യോഗസ്ഥന്റെ താടിയെല്ലിനും വെസ്റ്റ് ഡിവിഷനിൽ നിയോഗിക്കപ്പെട്ട 15 വർഷത്തെ സർവീസുള്ള മറ്റൊരു ഉദ്യോഗസ്ഥനുമാണ് കുത്തേറ്റതെന്നും ഫിന്നർ വ്യക്തമാക്കി. രണ്ടു പൊലീസുകാരെയും മെമ്മോറിയൽ ഹെർമനിലെ ടെക്‌സസ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാരെ അഡ്മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചതായും ചീഫ് അറിയിച്ചു.