Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിൽ വീസ നിയമങ്ങളിലുണ്ടായ മാറ്റങ്ങൾ : സന്ദർശകർക്ക് ആശ്വാസം

സൗദിയിൽ വീസ നിയമങ്ങളിലുണ്ടായ മാറ്റങ്ങൾ : സന്ദർശകർക്ക് ആശ്വാസം

റിയാദ് : കഴിഞ്ഞ ഒരു മാസത്തിനിടെ വീസ നിയമങ്ങളിലുണ്ടായ മാറ്റങ്ങൾ സൗദിയിലേക്കു കൂടുതൽ സന്ദർശകരെ ആകർഷിക്കും. പുതുക്കിയ ഭേദഗതി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക സൗദിയിലെ പ്രവാസി മലയാളി സമൂഹത്തിനാവും. പുതിയ നിയമഭേദഗതിയനുസരിച്ചു വിവിധ വഴികളിൽ ബന്ധുത്വമുളള കൂടുതൽ കുടുംബാംഗങ്ങൾക്കു വീസ നൽകാമെന്നതു കൂടുതൽ സന്ദർശകർക്ക് സൗദിയിലെത്താനുള്ള വഴി തുറക്കുകയാണ്. സന്ദർശക വീസ നടപടികളും കൂടുതൽ ഇപ്പോൾ ലളിതമാക്കിയിട്ടുണ്ട്. നേരത്തെ സൗദിയിൽ ഇഖാമയും താമസരേഖയുമുള്ള പ്രവാസിക്ക് ഭാര്യയേയും മക്കളേയും സ്വന്തം മാതാപിതാക്കളേയും ഭാര്യയുടെ മാതാപിതാക്കളേയും മാത്രമായിരുന്നു സന്ദർശക വീസയിൽ കൊണ്ടുവരാന്‍ സാധിച്ചിരുന്നത്. കൂടാതെ 90 ദിവസ താമസാനുമതിയുള്ള ഉംറ വീസയിലും സൗദിയിലേക്കെത്താവുന്നതാണ്.

ഉംറ വീസക്ക് ആയിരം റിയാലിനു താഴെയാണ് ചെലവ് വരികയുള്ളു. മറ്റൊരു വലിയ സൗകര്യമൊരുക്കിയിരിക്കുന്നത് ഓൺലൈനിലൂടെ ഇ- വീസയിലാണ് ഉംറ വീസ നൽകുന്നത്. തൻമൂലം പഴയതു പോലെ വീസയ്ക്കായി പാസ്പോർട്ട് അതാത് രാജ്യങ്ങളിലെ സൗദി കോൺസിലേറ്റിലേക്ക് അയക്കുകയോ, വീസ സ്റ്റാംപിങ്ങിനായി അധിക പണം ചെലവാക്കി ട്രാവൽ ഏജൻസികളുടെ സഹായം കാത്തിരിക്കുകയോ വേണ്ട എന്നുള്ളതുമാണ്. കൂടാതെ ഉംറ വീസയിലെത്തുന്നവർക്ക് പുതുക്കിയ നിയമപ്രകാരം സൗദിയിലെ ഏതു രാജ്യാന്തര വിമാനത്താവളത്തിലും ഇറങ്ങാമെന്നതും പ്രവാസികൾക്ക് ഏറെ സൗകര്യമായിത്തീരും. ഇത് സംബന്ധിച്ച് മന്ത്രാലയം അനുമതി നൽകിയിരുന്നുവെങ്കിലും വിമാന കമ്പനികളിൽ ഇക്കാര്യത്തിൽ അവ്യക്തത നിലനിൽപ്പുണ്ടായിരുന്നതിനാൽ ഉംറ വീസക്കാരെ മറ്റുള്ള വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ വിമാനകമ്പനികൾ അനുവദിച്ചിരുന്നില്ല.

സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) പുതിയ ഉത്തരവ് വന്നതോടെ ഉംറ വീസയിലെത്തുന്നവർക്ക് സൗദിയിലെ ഏതു രാജ്യാന്തര വീമാനത്താവളം വഴിയും എത്തിച്ചേരാനാവുമെന്നതൊടെ കൂടുതൽ സന്ദർശകരുടെ ഒഴുക്കുതന്നെയുണ്ടാവും. മുമ്പ് കുടുംബ വീസയിലും ബിസിനസ് വീസയിലും ടൂറീസ്റ്റ് വീസയിലുമായിരുന്ന ഏറിയ പങ്കു സന്ദർശകരും സൗദിയിലെത്തിയിരുന്നത്. ബിസിനസ്, സന്ദർശക വീസയിൽ സൗദിയിലെത്തുന്നതിനും കടമ്പകൾ പലതാണ്. നാട്ടിൽ നിന്നു വരുന്നതിനായി ആദ്യനടപടി സൗദിയിലുള്ള കമ്പനി നൽകുന്ന ക്ഷണക്കത്ത് ചേംബർ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തണം. അതുമായി മുംബയിലെ സൗദി കോൺസുലേറ്റിലോ ഡൽഹിയിലെ എംബസിയിലോ പാസ്പോർട്ട് സമർപ്പിക്കണം. വീസ സ്റ്റാംപ് ചെയ്യിക്കണം എന്നിങ്ങനെയുള്ള കടമ്പകൾ കടക്കേണ്ടതായുണ്ട്. എന്നാൽ സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിലൂടെ വേഗത്തിൽ ലഭ്യമാകുന്ന ഉംറ വീസയിൽ എത്താൻ കഴിയുന്നതും എല്ലാവർക്കും പ്രയോജനപ്പെടും.

ഇത്തവണ നാട്ടിൽ സ്കൂൾ അവധിക്കാലവും റമസാനും അടുപ്പിച്ചു വരുന്നതിനാൽ സൗദിയിലേക്കു പുതിയ വീസ നിയമം പ്രയോജനപ്പെടുത്തി എത്തുന്ന കുടുംബങ്ങളുടേയും സന്ദർശകരുടെയും എണ്ണം വർധിക്കുമെന്നും കരുതാം. ഇത് ആഭ്യന്തര വിപണിക്കും പ്രയോജനപ്പെടുന്നതാണ്. ഒരു പക്ഷേ വിമാനകമ്പനികൾ സീസണിലെ തിരക്ക് വരാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുമോ എന്നും പ്രവാസികൾക്ക് ആശങ്കയുണ്ട്. വീസ നിയമങ്ങൾ അനുകൂലമായപ്പോൾ സ്വന്തം കുടുംബത്തിനെയും ഉറ്റവരെയും തങ്ങളുടെ ഒപ്പമെത്തിക്കാൻ കൊതിക്കുന്ന പ്രവാസിക്ക് താങ്ങാനാവാത്ത ടിക്കറ്റ് വർധനവ് വിമാനകമ്പനികൾ സമ്മാനിക്കാതിരുന്നെങ്കിലെന്നു പ്രവാസികൾ ആഗ്രഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments