Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ബൈഡൻ

യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ബൈഡൻ

കീവ് : യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ നഗരങ്ങളിൽ റഷ്യൻ സേന വ്യാപക ആക്രമണം തുടരുന്നതിനിടെയാണ്, പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ബൈഡൻ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിയത്.

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനു ശേഷം ഇതാദ്യമായാണ് ബൈഡൻ ഇവിടം സന്ദർശിക്കുന്നത്. ‘ഒരു വർഷത്തിനു ശേഷവും കീവ് നിവർന്നു നിൽക്കുന്നു, യുക്രെയ്ൻ നിവർന്നു നിൽക്കുന്നു, ജനാധിപത്യവും നിവർന്നു നിൽക്കുന്നു’ – ബൈഡൻ പ്രതികരിച്ചു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡൻ, യുക്രെയ്ന് 50 കോടി യുഎസ് ഡോളറിന്റെ പ്രത്യേക സഹായവും പ്രഖ്യാപിച്ചു. കൂടുതൽ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം പലതവണ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി ബൈഡനെ ഇവിടേക്കു ക്ഷണിച്ചിരുന്നു.

ഇത്തവണ യുക്രെയ്ന്റെ അയൽ രാജ്യമായ പോളണ്ടിലേക്ക് ഔദ്യോഗിക സന്ദർശനം നടത്താനിരിക്കെയാണ്, മുൻകൂട്ടി പ്രഖ്യാപിക്കാതെ ബൈഡൻ കീവിലെത്തിയത്. പോളണ്ടിലെത്തുന്ന ബൈഡൻ, പ്രസിഡന്റ് ആന്ദ്ര്‌സെജ് ദൂദയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.

അതേസമയം, യുക്രെയ്നിലേക്ക് ഇന്ന് ഒരു അപ്രതീക്ഷിത അതിഥി എത്തുമെന്ന അഭ്യൂഹം രാവിലെ മുതൽ സജീവമായിരുന്നു. നഗരത്തിൽ അപ്രതീക്ഷിതമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതും സുരക്ഷ വർധിപ്പിച്ചതും അഭ്യൂഹത്തിനു കരുത്തു പകർന്നു. യുക്രെയ്നെതിരായ ആക്രമണം റഷ്യ കടുപ്പിക്കുന്നതിനിടെ ബൈഡൻ കീവിലെത്തിയതിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണെന്ന് നിരീക്ഷകൾ ചൂണ്ടിക്കാട്ടുന്നു.

യുക്രെയ്നിലെ റഷ്യയുടെ യുദ്ധം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ പ്രശ്നം കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments