തിരുവനന്തപുരം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തു. അനാരോഗ്യം കാരണം നിലവിലെ സെക്രട്ടറി എ.എ. അസീസ് സ്വയം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന സംസ്ഥാന കമിറ്റിയോഗം ഷിബു ബേബി ജോണിനെ പകരക്കാരനായി തീരുമാനിച്ചത്. ഷിബുവിന്‍റെ പേര് എ.എ. അസീസ് നിർദേശിക്കുകയും എൻ.കെ. പ്രേമചന്ദ്രൻ എം.പി പിന്താങ്ങുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലെ ധാരണ പ്രകാരമാണ് നേതൃമാറ്റം. സംസ്ഥാന സമ്മേളനത്തിൽ നേതൃമാറ്റ ആവശ്യം ഉയർന്നിരുന്നെങ്കിലും സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള അസീസിന്‍റെ താൽപര്യം സമ്മേളനം അംഗീകരിക്കുകയായിരുന്നു. മത്സരത്തിനില്ലെന്ന ഷിബുവിന്‍റെ അന്നത്തെ നിലപാടാണ് പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഒഴിവാക്കിയത്.
ആർ.എസ്.പിയുടെ സമുന്നത നേതാവായിരുന്ന ബേബി ജോണിന്‍റെ മകനായ ഷിബു, രണ്ടു തവണ ചവറയിൽ നിന്ന് എം.എൽ.എയായി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിൽ തൊഴിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.