വാർസോ: റഷ്യയ്ക്ക് ഒരിക്കലും യുക്രെയ്ൻ ഒരു വിജയമാകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ സന്ദർശിച്ചശേഷം പോളണ്ടിലെ വാർസോയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘‘സ്വാതന്ത്ര്യത്തിന്റെ ഇച്ഛയെ തകർക്കാൻ പൈശാചികതയ്ക്കു കഴിയില്ല. റഷ്യയ്ക്ക് ഒരിക്കലും യുക്രെയ്ൻ ഒരു വിജയമാകില്ല, ഒരിക്കലും. സ്വതന്ത്രരായവർ അന്ധതയുടെയും പ്രതീക്ഷയില്ലായ്മയുടെയും ലോകത്ത് ജീവിക്കാൻ വിസമ്മതിക്കും’’ – ബൈഡന്റെ പ്രസംഗം കയ്യടികളോടെയാണ് പോളണ്ട് പ്രസിഡന്റിന്റെ വസതിയായ റോയൽ കാസിലിന്റെ പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം സ്വീകരിച്ചത്.
ബൈഡന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:
‘‘ഒരു വർഷം മുൻപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തന്റെ ഹിംസാത്മക ആക്രമണം യുക്രെയ്നിനുമേൽ ആരംഭിച്ചു. 75 വർഷത്തിലധികമായി ആഗോളതലത്തിൽ സമാധാനത്തിന്റെ മൂലക്കല്ലായി വച്ചിരുന്ന തത്വങ്ങൾ ഇപ്പോൾ അപകടത്തിലായി. ഒരു വർഷം മുൻപ് ലോകം കീവിന്റെ വീഴ്ചയ്ക്കായി കാത്തിരുന്നു. ഞാനിപ്പോൾ കീവിൽനിന്നാണു വരുന്നത്. ആ രാജ്യം അതിശക്തമായി നിലനിൽക്കുന്നു.
റഷ്യ യുക്രെയ്നിന്റെ മേലുള്ള അധിനിവേശം ആരംഭിച്ചപ്പോൾ ലോകം മുഴുവനും എല്ലാ ജനാധിപത്യസംവിധാനങ്ങളുമാണ് പരീക്ഷിക്കപ്പെട്ടത്. റഷ്യയുടെ നടപടിയോടു പ്രതികരിക്കണോ അതോ മറു വശത്തേക്കു തിരിയണോ എന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നു. ഒരു വർഷത്തിനുശേഷം നമുക്കറിയാം ഇതിന്റെ ഉത്തരം എന്താണെന്ന് – ലോകം പ്രതികരിച്ചു! നമ്മൾ ജനാധിപത്യത്തിനുവേണ്ടി ശക്തമായി നിന്നു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ നാറ്റോ സഖ്യം കൂടുതൽ ഐക്യപ്പെട്ടു. ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേർന്നു. നാറ്റോ വിപുലപ്പെടുത്തുമെന്ന റഷ്യയുടെ ഭീതിയാണ് യുദ്ധത്തിന്റെ പിന്നിലെ ഒരു കാരണം. റഷ്യയുടെ ഊർജ വിപണിയെ പാശ്ചാത്യ ലോകം ആശ്രയിക്കുമെന്നായിരുന്നു പുട്ടിൻ കരുതിയത്. എന്നാൽ മറ്റു പല വിപണികളും കണ്ടെത്താൻ കഴിഞ്ഞു. അവർ യുഎസിനൊപ്പം ചേർന്ന് റഷ്യയുടെ അപ്രമാദിത്വം ഇല്ലാതാക്കി.
ലോകത്തിലെ ജനാധിപത്യം ശക്തമാകുകയാണു ചെയ്തത്. ഏകാധിപതികൾ അശക്തരായി. ബെലാറൂസിലെയും മോൾഡോവയിലെയും പ്രതിപക്ഷത്തെ ധീരനേതാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. യുക്രെയ്നിന് പാശ്ചാത്യലോകം നൽകുന്ന പിന്തുണ ഒരിക്കലും ഇല്ലാതാകില്ല. അധികാരത്തോടും രാജ്യങ്ങൾ കീഴടക്കാനുമുള്ള പുട്ടിന്റെ ആഗ്രഹം പരാജയപ്പെടും. നമ്മുടെ സഖ്യത്തിന്റെ ശക്തിയെക്കുറിച്ചു പുട്ടിന് ഒരു സംശയവും ഉണ്ടാകില്ല. എന്നാൽ നമ്മുടെ ദൃഢനിശ്ചയത്തിൽ പുട്ടിനു സംശയം ഉണ്ട്. ഈ യുദ്ധത്തിൽ സ്വാതന്ത്ര്യമാണ് അപകടത്തിലായിരിക്കുന്നത്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി രാജ്യത്തെ കുട്ടികളുടെ അവസ്ഥയെക്കുറിച്ചു പറഞ്ഞു. എങ്ങനെയാണ് റഷ്യയുടെ യുദ്ധം ഈ കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തുന്നതെന്നും അവരുടെ അനന്തര തലമുറകളെ രൂപപ്പെടുത്തുന്നതെന്നും. പോളണ്ടിലെ ജനങ്ങൾ വർഷങ്ങൾക്കു മുൻപ് കണ്ടത് ഇപ്പോൾ ഞങ്ങൾ കാണുന്നുവെന്നാണ് സെലൻസ്കി പറഞ്ഞത്. ഏകാധിപതികൾ എതിർക്കപ്പെടണം. അവർക്ക് ആകെ മനസ്സിലാകുന്നത് ‘നോ’ എന്ന വാക്കു മാത്രമാണ്.
യുദ്ധത്തിലെ ആയുധമായി ബലാത്സംഗത്തെ അവർ മാറ്റി. യുക്രെയ്ന്റെ ഭാവിയെ ‘മോഷ്ടിക്കാനുള്ള’ ശ്രമത്തിന്റെ ഭാഗമായി കുട്ടികളെ മാതൃരാജ്യത്തുനിന്നു പിഴുതെടുത്തു. ആർക്കും ഈ പ്രശ്നങ്ങളിൽനിന്ന് കാഴ്ചയെ തിരിക്കാനാകില്ല. ഇത് അങ്ങേയറ്റം അനിഷ്ടപ്രദമാണ്, വെറുപ്പുളവാക്കുന്നതാണ്. റഷ്യ ഇത്രയും പരിശ്രമിച്ചിട്ടും യുക്രെയ്ൻ സ്വതന്ത്രവും മുക്തമായും നിൽക്കുന്നു. ഖേഴ്സൻ മുതൽ ഖാർകിവ് വരെ യുക്രെയ്ൻ സൈന്യം അവരുടെ ഭൂമി തിരികെപ്പിടിച്ചു.
പാശ്ചാത്യ ലോകം റഷ്യയ്ക്കുനേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നില്ല. യുദ്ധം ഒരു അത്യാവശ്യകാര്യവുമല്ല. പക്ഷേ അതൊരു ദുരന്തമാണ്. പുട്ടിനാണ് ഈ യുദ്ധം തിരഞ്ഞെടുത്തത്. അദ്ദേഹത്തിനുതന്നെ അത് പെട്ടെന്ന് അവസാനിപ്പിക്കാം. യുക്രെയ്ന്റെ മേൽ അധിനിവേശം നടത്തുന്നത് റഷ്യ നിർത്തിയാൽ യുദ്ധവും അവസാനിപ്പിക്കാം. പക്ഷേ, യുക്രെയ്ൻ പ്രതിരോധം അവസാനിപ്പിച്ചാൽ അതിനർഥം യുക്രെയ്നിന്റെ അവസാനമെന്നാണ്’’ – ബൈഡൻ കൂട്ടിച്ചേർത്തു.