ന്യൂഡൽഹി : റായ്‍പുർ പ്ലീനറി സമ്മേളനത്തിൽ ശശി തരൂര്‍ എംപി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമാവാനുള്ള സാധ്യത മങ്ങി. നേതൃത്വത്തിന്‍റെ അസംതൃപ്തിയാണു കാരണം. നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തരൂര്‍ അവിടെനിന്നാകും റായ്പുരിൽ എത്തുക. അതേസമയം, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുകക്ഷികളടക്കമുള്ള പാർട്ടികളെ ഒരു കുടക്കീഴിലാക്കി ബിജെപിക്കെതിരെ ഐക്യനിര രൂപീകരിക്കാൻ കോൺഗ്രസ് മുൻകയ്യെടുക്കണമെന്നു പ്ലീനറി സമ്മേളനത്തിനുള്ള കരടുരാഷ്ട്രീയ പ്രമേയം നിർദേശിച്ചു.
ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാൽ ജനാധിപത്യത്തിന്റെയും കോൺഗ്രസിന്റെയും തകർച്ചയ്ക്ക് അതു വഴിവയ്ക്കുമെന്ന ആശങ്ക പ്രമേയ രൂപീകരണയോഗത്തിൽ നേതാക്കൾ പങ്കുവച്ചു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുന്നതും പ്രമേയത്തില്‍ മുഖ്യ പരാമര്‍ശവിഷയമാകും. വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിയാണു കരടുപ്രമേയം തയാറാക്കിയത്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള ശ്രമം വിജയം കാണില്ലെന്നും പാര്‍ട്ടി വിലയിരുത്തി.
തിരഞ്ഞെടുപ്പിനു മുൻപും ശേഷവുമുള്ള സഖ്യസാധ്യതകള്‍ പരിഗണിക്കണം. എന്നാല്‍ പ്ലീനറി സമ്മേളനം നടക്കുന്ന ദിവസംതന്നെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥരാക്കുന്നുണ്ട്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി നടപടി രാഷ്ട്രീയപ്രമേയം എടുത്തുപറയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വേട്ടയാടല്‍ തുറന്നുകാട്ടും. ഭാരത് ജോഡോ യാത്രയുടെ വിജയം രാഷ്ട്രീയ നേട്ടമാക്കാനാവണം. യുവജന സംഘടനകളെ ശക്തിപ്പെടുത്തണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു.