ബാങ്കുകൾക്ക് ഉപഭോക്താക്കളെ പിടിച്ചുനിർത്താനുള്ള മാർഗങ്ങളിലൊന്നാണ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിക്കുക എന്നത്. അതുകൊണ്ടുതന്നെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ഒട്ടുമിക്ക ബാങ്കുകളും നിക്ഷേപങ്ങൾക്കുളള പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തിയ ബാങ്കുകൾ ഏതൊക്കെയെന്ന്് അറിഞ്ഞുവെയ്ക്കാം.
എസ്ബിഐ:
നിക്ഷേപ പലിശനിരക്കുകളിൽ അഞ്ച് മുതൽ 25 വരെ ബേസിസ് പോയിന്റെ വർധനവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. രണ്ട് കോടി വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് പലിശനിരക്ക് വർധിപ്പിച്ചിരിക്കുന്നത്.2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിന്റിന്റ വർധനവുണ്ട്.. 3 മുതൽ 10 വർഷ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശനിരക്കാണ് നൽകുന്നത്. 7.10 ശതമാനം പലിശനിരക്കിൽ 400 ദിവസത്തേക്കുള്ള പ്രത്യേക സ്‌കീമും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്‌കീമിൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനമാണ് പലിശ.
പിഎൻബി:
സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 5 മുതൽ 30 വരെ ബേസിസ് പോയിന്റിന്റെ വർധനവാണ് പിഎൻബി വരുത്തിയത്. രണ്ട് കോടിയിൽ താഴെയുളള സ്ഥിരനിക്ഷേപങ്ങൾക്കാണ് പലിശനിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പൊതുവിഭാഗത്തിൽ (റഗുലർ സിറ്റിസൺസ്) വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. മുതിർന്ന പൗരൻമാരുടെ വിഭാഗത്തിൽ മൂന്ന് വർഷത്തിൽ താഴെ വരെ നിക്ഷേപകാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 7.50 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.
ആക്‌സിസ് ബാങ്ക്.
രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ആക്‌സിസ് ബാങ്ക് പലിശനിരക്ക് ഉയർത്തിയത്. ഫെബ്രുവരി 11 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്കുകൾ പ്രകാരം പൊതുവിഭാഗത്തിൽ 7.26 ശതമാനവും, സീനിയർ സിറ്റിസൺസിന് 8.01 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്.
സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഉയർത്തിയതിനാൽ മുതിർന്ന പൗരൻമാർക്ക് 7.7 ശതമാനവും, പൊതുവിഭാഗത്തിൽ 7.2 ശതമാനവും പലിശ ലഭിക്കും.
ഫെഡറൽ ബാങ്ക്.
പുതുക്കിയ പലിശനിരക്കുകൾ ഫെബ്രുവരി 17 മുതൽ പ്രാബല്യത്തിൽ വ്ന്നു. പൊതുവിഭാഗത്തിന് 7.25 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.75 ശതമാനവുമാണ് ഫെഡറൽ ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശ നിരക്ക്.
കൂടാതെ ഡിസിബി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എന്നീ ബാങ്കുകളും പലിശനിരക്ക് ഉയർത്തിയിട്ടുണ്ട്.മിക്ക ബാങ്കുകളുടെയും നിലവിലെ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റിലും കൂടുതലാണ്