റായ്പൂർ: കോണ്‍ഗ്രസിന്‍റെ 85-ാമത് പ്ലീനറി സമ്മേളനത്തിനായി പ്രതിനിധികള്‍ എത്തിച്ചേർന്നു. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ നാളെ മുതല്‍ മൂന്ന് ദിവസമാണ് കോൺഗ്രസിന്റെ സമ്പൂർണ്ണ ദേശീയ സമ്മേളനം ചേരുന്നത്. നയാ റായ്പൂരിൽ 60 ഏക്കർ സ്ഥലത്ത് ഒരുക്കിയ കൂറ്റന്‍ വേദിയിലാണ് സമ്മേളനം നടക്കുന്നത്.
പ്രതിനിധികൾ ഇന്നലെ മുതൽ റായ്പൂരിലെത്തിത്തുടങ്ങി. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കേരള സംഘം റായ്പൂരിലെത്തി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റായ്പൂരിലെത്തിയത്. രാജ്യത്ത് പ്രതിപക്ഷ ഐക്യമെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രത്യാശ കേരള സംഘം പ്രകടിപ്പിച്ചു. എഐസിസി ഭാരവാഹികൾ, അംഗങ്ങൾ, പിസിസി ഭാരവാഹികൾ, പോഷക സംഘടനാ പ്രതിനിധികൾ, ഡിസിസി പ്രസിഡന്‍റുമാർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങി 15000 ത്തോളം പേർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. 1338 പേർക്കാണ് വോട്ടവകാശമുള്ളത്. പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുല്‍ ഗാന്ധിയുടെ നിലപാട് നിർണായകമാകും. സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയ പ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ഉള്‍പ്പെടെയുള്ള ഭരണഘടനാ ഭേദഗതികൾക്കും സാധ്യതയുണ്ട്.
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കോൺഗ്രസ് ആരംഭിച്ച രാഷ്ട്രീയ പ്രചാരണമായ ‘ഹാഥ് സെ ഹാഥ് ജോഡോ’ ആണ് സമ്മേളനത്തിന്‍റെ മുദ്രാവാക്യം. ബിജെപി ഭരണത്തിൽ രാജ്യത്ത് പിടിമുറുക്കുന്ന ഫാസിസത്തിനെതിരെ ജനകീയ ഐക്യത്തിന് സമ്മേളനം കരുത്ത് പകരും. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സുപ്രധാന നിർദേശങ്ങളും പദ്ധതികളും പ്ലീനറി സമ്മേളനം മുന്നോട്ടുവെക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നിലുള്ള വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുള്ള മാർഗരേഖയും തയാറാക്കും. നയാ റായ്പൂരിലെ രാജ്യോത്സവ് ഗ്രൗണ്ടിൽ 250 ഓളം നേതാക്കളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ വേദിയാണ് സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി അടുത്ത രണ്ട് ദിവസത്തെ അജണ്ടയ്ക്ക് അന്തിമരൂപം നൽകും.