ഇസ്ലാമാബാദ് : പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. പാക് സൈനികർക്ക് ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണെന്നാണ് റിപ്പോർട്ട് .
സൈന്യം നിലവിൽ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ട് . ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം മെസ് വിതരണത്തെയും ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇതാദ്യമായാണ് പട്ടാളവും പട്ടിണിയാണെന്ന വാർത്ത വരുന്നത്.
പാക് ആർമിയിലെ ചില ഫീൽഡ് കമാൻഡർമാർക്ക് വേണ്ടി ക്വാർട്ടർ മാസ്റ്റർ ജനറൽ ഓഫീസിലേക്ക് ഒരു കത്ത് എഴുതിയിരുന്നു . പട്ടാളക്കാരുടെ ഭക്ഷണ വിതരണത്തിലെ കുറവ് ഈ കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. ക്യുഎംജി ഭാഗത്ത് നിന്ന് ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎൽഎസ്), ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) എന്നിവരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തിട്ടുമുണ്ട്.
കരസേനാ മേധാവി ജനറൽ അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ക്യുഎംജി, സിഎൽഎസ്, ഡിജിഎംഒ എന്നിവർ ഇക്കാര്യം ഉന്നയിച്ചതായി കത്തിൽ എഴുതിയിട്ടുണ്ട്. ഇപ്പോൾ സൈനികർക്ക് ദിവസത്തിൽ രണ്ടുനേരം ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ലെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത് .
2014-ൽ ഓപ്പറേഷൻ സർബ്-ഇ-അസ്ബ് സമയത്ത് മുൻ കരസേനാ മേധാവി ജനറൽ റഹീൽ ഷെരീഫ് അനുവദിച്ച ഭക്ഷണ ഫണ്ടും വെട്ടിക്കുറച്ചതായി ആർമി വൃത്തങ്ങൾ അറിയിച്ചു. റഹീൽ ഷെരീഫ് നേരത്തെയുള്ളതിനേക്കാൾ ഇരട്ടി ഭക്ഷ്യ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഭക്ഷ്യ ധാന്യം വെട്ടിക്കുറയ്‌ക്കാൻ കഴിയുന്ന സാഹചര്യം സൈന്യത്തിൽ ഉണ്ടാകരുതെന്നും അധികൃതർ പറയുന്നു.
ഇങ്ങനെയുണ്ടായാൽ തെഹ്‌രീകെ താലിബാനെ (ടിടിപി) നേരിടാൻ അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈനികരെ ബാധിക്കും. ഈ സൈനികർക്ക് കൂടുതൽ ഭക്ഷണവും പ്രത്യേക ഫണ്ടും ആവശ്യമാണ്.
ദശാബ്ദങ്ങളിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താൻ ഇപ്പോൾ. വിദേശനാണ്യ ശേഖരം കുറഞ്ഞതും നാണയപ്പെരുപ്പം കുതിച്ചുയരുന്നതും കാരണം കടത്തിന്റെ ഭാരം രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ദരിദ്യം ഒഴിവാക്കാൻ, അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) നിർദ്ദേശിക്കുന്ന എല്ലാ നടപടികളും പിന്തുടരാൻ പാക് സർക്കാർ നിർബന്ധിതരാകുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇപ്പോൾ തന്റെ ശമ്പളം വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്