വാഷിങ്ടൻ : ഇന്ത്യൻ വംശജനും ധനകാര്യ സ്ഥാപനമായ മാസ്റ്റർകാർഡിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) അജയ് ബംഗയെ (63) ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത് യുഎസ്. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്, പ്രസിഡന്റ് സ്ഥാനം ഒഴിയുന്നുവെന്ന് അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.
ഇന്ത്യൻ-അമേരിക്കൻ വംശജനായ ബംഗ, നിലവിൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക്കിൽ വൈസ് ചെയർമാനാണ്. സാധാരണയായി ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് അമേരിക്കക്കാരും രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) തലവൻ യൂറോപ്യൻകാരുമാണ്.