റാബറ്റ്: മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എല്‍ മന്‍സൂരിയെ പ്രഖ്യാപിച്ച് രാജാവ് മുഹമ്മദ് ആറാമന്‍. സെപ്റ്റംബര്‍ 23ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലിബറല്‍-സെന്റിസ്റ്റ് പാര്‍ട്ടി വിജയിച്ചതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്‍ മന്‍സൂരിക്ക് രാജാവ് നിര്‍ദ്ദേശം നല്‍കി.
മുമ്പ് മൊറോക്കോയുടെ ഹാബിറ്റാറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള മന്‍സൂരി, ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി പ്രവര്‍ത്തകയാണ്. 2008ല്‍ മൊറോക്കോ രാജാവിന്റെ ഉപദേഷ്ടാവാണ് പാര്‍ട്ടി രൂപീകരിച്ചത്. ഭരണഘടനാപരമായ രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് മൊറോക്കോ. വിദേശനയം, പ്രതിരോധം തുടങ്ങി നിരവധി സുപ്രധാന മേഖലകളില്‍ രാജാവിന് വലിയ അധികാരങ്ങളുണ്ട്. ഭരണഘടന പ്രകാരം, ജനപ്രതിനിധി സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നാണ് രാജാവ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്.
മുന്‍ സഖ്യസര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി ഇത്തവണ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. മൊറോക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവിയും രണ്ടുതവണ സര്‍ക്കാര്‍ ബജറ്റ് കൈകാര്യം ചെയ്തിട്ടുള്ളയാളുമായ ഫൗസി ലെക്ജാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്നതും പാര്‍ട്ടിയുടെ മുന്നേറ്റത്തിന് കരുത്തായി. നിലവില്‍ പുറത്താകുന്ന സര്‍ക്കാരില്‍ ഭവന മന്ത്രിയും മാരാക്കെഷ് മേയറുമായിരുന്ന മന്‍സൂരി ഇനി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് മന്ത്രിസഭാംഗങ്ങളുടെ പട്ടിക രാജാവിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
Leave a Comment
Your comment will be visible after admin approval.