ന്യൂഡൽഹി : ഡൽഹി കോർപ്പറേഷനിൽ ആം ആദ്മി കൗൺസിലർ പവൻ ഷെഹ്‌രാവത് ബിജെപിയിൽ ചേർന്നു. സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനിടയിലാണ് പവൻ പാർട്ടി മാറിയത്. ആം ആദ്മി പാർട്ടിയിലെ അഴിമതിയിൽ താൻ വീർപ്പുമുട്ടിയിരുന്നതായി പാർട്ടിവിട്ട ശേഷം അദ്ദേഹം പറഞ്ഞു.
ഡൽഹി ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ, ജനറൽ സെക്രട്ടറി ഹർഷ് മൽഹോത്ര എന്നിവർ ചേർന്ന് പവൻ ഷെഹ്‌രാവത്തിനെ ബിജെപിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു. കോർപ്പറേഷൻ യോഗത്തിൽ കൗൺസിലർ മാരോട് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആംആദ്മി പാർട്ടി നിർദ്ദേശിച്ചതായും ധാർമ്മികതയില്ലാത്ത പാർട്ടിയാണ് ആപ്പെന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് പവൻ ഷെഹ്‌രാവത് പറഞ്ഞു.
ഡൽഹി സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് ആറ് അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ആം ആദ്മി പാർട്ടിക്ക് മൂന്ന് പേരെയും ബിജെപിക്ക് രണ്ട് അംഗങ്ങളെയും വിജയിപ്പാക്കാൻ സാധിക്കും. ബാക്കിയുള്ള ഒരു സീറ്റിലേക്കാണ് വാശിയേറിയ മത്സരം. മത്സരത്തിന് മുന്നോടിയായാണ് ആപ്പ് അംഗ ബിജെപിയിൽ ചേർന്നിരിക്കുന്നത്. ഇതോടെ ബിജെപിയുടെ അംഗ സംഖ്യ 104 ആയി.