നിരന്തരം നവീകരിക്കുന്ന സംവിധാനമാണ് വാട്‌സ്ആപ്പ്. രണ്ട് ബില്യൺ ഉപഭോക്താക്കളുടെ ഇഷ്ടനിഷ്ടം തിരിച്ചറിഞ്ഞ് മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് കമ്പനി. വാട്‌സ് ആപ്പിൽ അയച്ചുകഴിഞ്ഞ സന്ദേശങ്ങളിൽ തെറ്റുണ്ടായാൽ ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ് ഇപ്പോൾ ഉപഭോക്താക്കൾ ചെയ്യുന്നത്. എന്നാൽ ഇതിന് പകരം അവ എഡിറ്റ് ചെയ്യാൻ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.
സന്ദേശങ്ങൾ അയച്ച് 15 മിനുട്ടിനുള്ളിൽ അവ എഡിറ്റ് ചെയ്യാനാണ് സൗകര്യമുണ്ടാകുക. ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ് എഡിറ്റ് ബട്ടൺ പ്രവർത്തിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. അക്ഷരത്തെറ്റുകളും ഗ്രാമർ പിഴവുകളും തിരുത്താനും ചില വിവരങ്ങൾ ഒഴിവാക്കാനുമൊക്കെ ഇതുവഴി കഴിയും. നിലവിൽ പരീക്ഷഘട്ടത്തിലുള്ള സംവിധാനം വാട്‌സ്ആപ്പ് ബീറ്റ ഐഒഎസ് 23.4.0.72 കണ്ടതായാണ് റിപ്പോർട്ട്.