തിരുവനന്തപുരം : അപേക്ഷ നൽകിയില്ലെങ്കിലും കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിക്കു പ്രകൃതി ക്ഷോഭത്തിൽ വീടു നശിച്ചെന്ന പേരിൽ അനുവദിച്ചത് 4 ലക്ഷം രൂപ. അപ്പെൻഡിസൈറ്റിസ് രോഗത്തിന്റെ മെഡിക്കൽ രേഖയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മാറനല്ലൂർ സ്വദേശിക്കു ഹൃദ്രോഗ ചികിത്സയ്ക്കു ധനസഹായം ലഭിച്ചു. കാരോട് സ്വദേശി മുഖേന നെയ്യാറ്റിൻകര താലൂക്കിലെ ഇരുപതിലധികം പേർക്കു ധനസഹായം കിട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്കു ധനസഹായം നൽകുന്നതു കണ്ടെത്തുന്നതിനായി വിജിലൻസ് ബുധനാഴ്ച ആരംഭിച്ച മിന്നൽ പരിശോധന താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും സ്ഥല പരിശോധനയുമായി വ്യാപിപ്പിച്ചപ്പോഴാണു കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നത്.
കൊല്ലം തൊടിയൂർ വില്ലേജ് ഓഫിസിൽ സമർപ്പിച്ച പല അപേക്ഷകളിലും ഒരേ കയ്യക്ഷരമായിരുന്നു. അടൂർ ഏനാദിമംഗലം വില്ലേജിൽ 61 അപേക്ഷകളിൽ ഒരാളുടെ ഫോൺ നമ്പർ തന്നെ രേഖപ്പെടുത്തിയതായും വിജിലൻസ് കണ്ടെത്തി.
തൊടുപുഴ താലൂക്കിൽ 2001 മുതൽ 2023 വരെ ലഭിച്ച 70 അപേക്ഷകളിലും അപേക്ഷകന്റെ ഫോൺ നമ്പർ ഒന്നായിരുന്നു. ഇവയെല്ലാം ഒരേ അക്ഷയ സെന്റർ വഴി സമർപ്പിച്ചതാണെന്നും കണ്ടെത്തി. വിജിലൻസ് ഐജി ഹർഷിത അട്ടെല്ലൂരി, എസ്പി ഇ.എസ്.ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും തുടർ പരിശോധനയിലും പങ്കെടുക്കുന്നു.
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ ചെയ്യുമെന്നു വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു. ഭാവിയിൽ സഹായം ലഭിക്കുന്നത് ഒഴിവാക്കുന്നതിന് 6 മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തുന്നതിനും അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിന് എല്ലാ കലക്ടറേറ്റുകളിലും സ്പെഷൽ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തുന്നതിനും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.